ന്യൂഡൽഹി
പെഗാസസ് ചാരപ്പണി, കർഷകപ്രക്ഷോഭം, വിലക്കയറ്റവും സാമ്പത്തികപ്രതിസന്ധിയും എന്നീ വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് ഐക്യത്തോടെ നീങ്ങാൻ 14 പ്രതിപക്ഷ പാർടി നേതാക്കളുടെ യോഗം തീരുമാനിച്ചു. രാജ്യത്തെ ജനാധിപത്യവും പാർലമെന്ററി സംവിധാനവും സംരക്ഷിക്കാൻ ഒന്നിച്ചുനീങ്ങണമെന്ന വികാരം യോഗത്തിൽ പ്രകടമായി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഹാളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആതിഥേയത്വത്തിൽ ചേർന്ന പ്രഭാതഭക്ഷണ യോഗത്തിൽ ടിഎംസി നേതാക്കളും പങ്കെടുത്തു.
സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം, മല്ലികാർജുൻ ഖാർഗെ (കോൺഗ്രസ്), രാംഗോപാൽ യാദവ് (എസ്പി), കനിമൊഴി (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), മനോജ് ഝാ (ആർജെഡി), സൗഗത റായ് (ടിഎംസി), പ്രഫുൽ പട്ടേൽ (എൻസിപി) തുടങ്ങിയവർ സംസാരിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിലടക്കം ചർച്ചയെക്കുറിച്ച് ആലോചിക്കാൻ തയ്യാറല്ലെന്ന കേന്ദ്രനിലപാടാണ് പാർലമെന്റിൽ പ്രതിപക്ഷ ഐക്യനിര രൂപംകൊള്ളാൻ ഇടയാക്കിയത്.
സഭാസ്തംഭനം ഒഴിവാക്കാൻ എല്ലാ പാർടി പ്രതിനിധികളുടെയും സംയുക്തയോഗം വിളിക്കണമെന്ന ആവശ്യത്തിന് സർക്കാർ വ്യക്തമായ മറുപടി നൽകുന്നില്ല. വ്യക്തിപരമായി ആരോടെങ്കിലും സംസാരിച്ചിട്ട് കാര്യമില്ല. പാർലമെന്ററി മന്ത്രിയും രാജ്യസഭയിലെയും ലോക്സഭയിലെയും നേതാക്കളും ചുമതല നിർവഹിക്കണം. കാര്യോപദേശക സമിതി യോഗത്തിൽ സർക്കാർ വ്യക്തമായ മറുപടി നൽകുന്നില്ല–പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
പ്രധാനപ്പെട്ട ബില്ലുകളടക്കം സർക്കാർ ചർച്ച കൂടാതെ പാസാക്കിയെടുക്കുന്നത് എളമരം കരീം ചൂണ്ടിക്കാട്ടി. ബില്ലുകളിന്മേൽ വോട്ടെടുപ്പിനുള്ള അവസരമുണ്ടാകണം. പ്രതിപക്ഷഐക്യം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. യോഗസ്ഥലത്തുനിന്ന് സൈക്കിളിലാണ് എംപിമാർ പാർലമെന്റിൽ എത്തിയത്.