ന്യൂഡൽഹി
പെഗാസസ് ഫോൺ ചോർത്തൽ അന്വേഷിക്കണമെന്ന നിലപാടിലുറച്ച് എൻഡിഎ ഘടകകക്ഷി ജെഡിയു. സത്യാവസ്ഥ പുറത്തുവരാന്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് മുതിർന്ന ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കഴിഞ്ഞദിവസം അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് ഇക്കാര്യത്തില്‍ എന്‍ഡിഎയിലെ ഭിന്നത പരസ്യമായത്.
“കാര്യങ്ങൾ വ്യക്തമാകാൻ അന്വേഷണം വേണമെന്നാണ് ഘടകകക്ഷിയെന്ന നിലയിലുള്ള ഉപദേശം. അന്വേഷണത്തോടെ പാർലമെന്റ് നടപടി തടസ്സമില്ലാതെ കൊണ്ടുപോകാനാകും’–- ത്യാഗി പറഞ്ഞു. പെഗാസസില്‍ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ എൻഡിഎ ഘടകകക്ഷിയാണ് ജെഡിയു. പാർലമെന്റിൽ ചർച്ചപോലും അനുവദിക്കാതെ പെഗാസസ് വിവാദം മൂടിവയ്ക്കാൻ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കെയാണ് മുഖ്യ ഘടകകക്ഷി പരസ്യമായി അന്വേഷണം ആവശ്യപ്പെട്ടത്. ഇതിനോട് ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ പ്രതികരിച്ചില്ല. അനാവശ്യ വിവാദമാണ് ഇതെന്ന് സംസ്ഥാന ബിജെപി ഘടകം പ്രതികരിച്ചു.
എന്നാല്‍, നിതീഷിന്റെ നിലപാടിനെ ബിഹാറിലെ മുഖ്യപ്രതിപക്ഷമായ ആർജെഡി സ്വാഗതം ചെയ്തു. സമ്മർദത്തിന് അടിപ്പെട്ട് മുഖ്യമന്ത്രി വാക്ക് മാറില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആർജെഡി രാജ്യസഭാംഗം മനോജ് ഝാ പറഞ്ഞു.