ന്യൂഡൽഹി
സ്വകാര്യവൽക്കരിച്ചാൽ സ്ഥാപനങ്ങൾ ലാഭകരവും ഉപയോക്താക്കൾക്ക് നേട്ടവുമാകുമെന്ന വാദത്തിനു തിരിച്ചടിയായി ടെലികോം മേഖല. കടത്തിൽ മുങ്ങിയ വൊഡഫോൺ ഐഡിയ ലിമിറ്റഡിലുള്ള 27 ശതമാനം ഓഹരി കേന്ദ്രത്തിനോ മറ്റേതെങ്കിലും സ്ഥാപനത്തിനോ കൈമാറാമെന്ന് കേന്ദ്രത്തിന് കത്തെഴുതി ബിർല ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർല. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയ്ക്ക് ബിർല അയച്ച കത്ത് പുറത്തുവന്നതോടെ ഓഹരിവിപണിയിൽ കമ്പനിമൂല്യം 2700 കോടി രൂപ ഇടിഞ്ഞു.
ലൈസൻസ് ഫീസ് ഇനത്തിൽ കമ്പനി അരലക്ഷം കോടിയില്‍പ്പരം നല്‍കാനുണ്ട്. എയർടെല്ലിന്റെ കുടിശ്ശിക 43,000 കോടി. മൊത്തം വരുമാനത്തിന്റെ നിശ്ചിത വിഹിതം ലൈസൻസ് ഫീ നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന രണ്ട് കമ്പനിയുടെയും ആവശ്യം സുപ്രീംകോടതി തള്ളി. 7000 കോടിയിൽപ്പരം രൂപ നഷ്ടത്തിലുള്ള വൊഡഫോൺ ഐഡിയ ഏറ്റെടുക്കാൻ വിദേശനിക്ഷേപകർ തയ്യാറല്ല. ഇതോടെയാണ് കേന്ദ്രത്തിനുമേല്‍ കെട്ടിവയ്ക്കാന്‍ കത്തെഴുതിയത്.
വൊഡഫോൺ ഐഡിയ പൂട്ടിയാൽ ശേഷിക്കുക ഭാരതി എയർടെല്ലും റിലയൻസും മാത്രം. പന്ത്രണ്ടിൽപ്പരം സ്വകാര്യ കമ്പനി ഉണ്ടായിരുന്നതാണ്. കമ്പനികളുടെ മത്സരം ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ സേവനം ലഭ്യമാക്കുമെന്ന വാദവും പൊളിയുന്നു. ഡാറ്റ നിരക്കുകൾ ഇപ്പോള്‍ ഉയരുന്നു. എയർടെല്ലും പ്രതിസന്ധിയിലായതിനാൽ കേന്ദ്രത്തിന്റെ ഒത്താശയോടെ റിലയൻസ് കുത്തകവാഴ്ചയ്ക്ക് ഒരുങ്ങുകയാണ്