തിരുവനന്തപുരം
എല്ലാ ഉദ്യോഗാർഥികൾക്കും തുല്യനീതി ഉറപ്പാക്കുന്ന നിയമന സംവിധാനമാണ് പിഎസ്സിയുടേതെന്ന് ചെയർമാൻ എം കെ സക്കീർ പറഞ്ഞു. റാങ്ക് ലിസ്റ്റ് നീട്ടൽ പിഎസ്സി ചുമതലയല്ല. ഒരു തവണ ലിസ്റ്റ് നീട്ടിയപ്പോൾ അധിക പ്രയോജനം ലഭിച്ചവരാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കേസ് കൊടുത്തത്. പിഎസ്സി ചട്ടങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് ട്രിബ്യൂണൽ ലിസ്റ്റ് നീട്ടാൻ ഉത്തരവിട്ടത്. ഇതോടെ പിഎസ്സിക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. പിഎസ്സിയുടെ നടപടി ശരിവച്ച് ഹൈക്കോടതി ട്രിബ്യൂണൽ വിധി റദ്ദാക്കി. കോടിക്കണക്കിന് പേരാണ് ഓരോ വർഷവും പരീക്ഷയെഴുതുന്നത്. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണം.
പ്രധാന തസ്തികയിൽ മുഖ്യപരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ്. ഫെബ്രുവരിയിൽ നീട്ടിയ 493 റാങ്ക് പട്ടികയുടെ കാലാവധിയാണ് ബുധനാഴ്ച അവസാനിക്കുന്നത്. 43 എണ്ണത്തിൽ നിയമനം നടത്താനുള്ള നടപടിയും തുടങ്ങി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പീഡിയാട്രിക് നെഫ്രോളജി അസിസ്റ്റന്റ് പ്രൊഫസർ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ലൈബ്രേറിയൻ തുടങ്ങി വിവിധ തസ്തികയിലേക്ക് വിജ്ഞാപനമിറക്കും. വിവിധ തസ്തികയിൽ പ്രത്യേക നിയമനം നടത്താനും കഴിഞ്ഞ ദിവസം ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചിരുന്നതായും ചെയർമാൻ വ്യക്തമാക്കി.