ന്യൂഡൽഹി > പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണമാവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ (ഇജിഐ) സുപ്രീം കോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് (എസ്ഐടി) സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരെ ചാര സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. അതിന് സർക്കാരിന് അവകാശമില്ല. ഇത്തരത്തിൽ പൗരന്മാരെ നിരീക്ഷിക്കുന്നതിന് ചാര സോഫ്റ്റ്വെയറുകൾ ലഭ്യമാക്കുന്നതിന് വിദേശ കമ്പനികളുമായി എർപ്പെട്ടിട്ടുള്ള കരാറുകളുടെയും അവ ആർക്കെല്ലാമെതിരെ ഉപയോഗിച്ചു എന്നതിന്റെയും വിശദാംശങ്ങൾ തേടണമെടന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഭരണഘടന ഗവൺമെന്റിന് നലകുന്ന അധികാര പരിധി ലംഘിച്ചോ, പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾ എന്നിവ അറിയാൻ പൗരന് അവകാശമുണ്ട്. പെഗാസസിൽ അന്വേഷണമാവശ്യപ്പെട്ടുള്ള എഡിറ്റേഴ്സ് ഗിൽഡിന്റേതടക്കമുള്ള ഹർജികൾ ആഗസ്റ്റ് 5ന് ചീഫ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജോൺ ബ്രിട്ടാസ് എംപി, അഡ്വ. എംഎൽ ശർമ, മുതിർന്ന മാധ്യമ പ്രവർത്തകരായ എൻ റാം, ശശികുമാർ തുടങ്ങിയവരും നേരത്തെ അന്വേഷണമാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചിരുന്നു.