ന്യൂഡൽഹി > ഇന്ത്യ–അമേരിക്ക ആണവകരാറിനെ ഇടതുപാർടികൾ എതിർത്തത് ചൈനയുടെ സ്വാധീനഫലമായാണെന്ന മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. രാജ്യത്തിന്റെ തന്ത്രപരമായ സ്വയംഭരണാവകാശത്തെയും സ്വതന്ത്രവിദേശ നയത്തെയും ആണവകരാർ അപകടത്തിലാക്കുമെന്നതുകൊണ്ടാണ് അതിനെ ഇടതുപക്ഷം എതിർത്തത്. ഇന്ത്യയെ സൈനികവും തന്ത്രപരവുമായ പങ്കാളിയാക്കാൻ അമേരിക്ക തുടങ്ങിവച്ച കരാറായിരുന്നു അത്. രാജ്യത്തിന്റെ ഊർജസുരക്ഷയുമായി കരാറിനു ബന്ധമൊന്നുമില്ലായിരുന്നു. പിന്നീടുണ്ടായ സംഭവവികാസങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു. ഒരു മെഗാവാട്ട് ആണവവൈദ്യുതി പോലും രാജ്യത്ത് അധികമായി ഉൽപാദിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
അടുപ്പമേറിയ സൈനികബന്ധത്തോടെ ഇന്ത്യ അമേരിക്കയുടെ വിധേയപങ്കാളിയായി മാറിയെന്നുമാത്രം. രാജ്യത്തിന്റെ പരമാധികാരവും തന്ത്രപരമായ സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള താൽപര്യം മുൻനിർത്തിയാണ് ഇടതുപാർടികൾ ആണവകരാർ വിഷയത്തിൽ നിലപാട് സ്വീകരിച്ചത്. അതിനു ചൈനയുമായി ബന്ധമൊന്നുമില്ലായിരുന്നു. ആണവവിതരണ സംഘം ഇന്ത്യക്ക് ഇളവുനൽകുന്നതിനെ ചൈന പിന്തുണച്ചപ്പോഴും ഇടതുപാർടികൾ സ്വീകരിച്ച നിലപാട് ഉറച്ചതായിരുന്നു.
ചൈന ഇടതുപാർടികളെ സ്വാധീനിച്ചുവെന്ന് വിജയ് ഗോഖലെ അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയതിനു സത്യവുമായി ബന്ധമില്ല. അന്നത്തെ മുഖ്യപ്രതിപക്ഷമായിരുന്ന ബിജെപി പാർലമെന്റിൽ ആണവകരാറിനെ എതിർത്തത് ഗോഖലെയ്ക്ക് അറിയില്ലായിരിക്കാം-യെച്ചൂരി പറഞ്ഞു. ഗോഖലെ ഈയിടെ എഴുതിയ പുസ്തകത്തിലാണ് ഇടതുപാർടികൾക്കെതിരെ ആരോപണം ഉന്നയിച്ചത്.