ന്യൂഡൽഹി
പെഗാസസ് ഫോൺ ചോർത്തലിന് ഇരകളായ അഞ്ച് മാധ്യമപ്രവർത്തകർകൂടി സുപ്രീംകോടതിയെ സമീപിച്ചു. സർക്കാർ ഏജൻസികളുടെ അനധികൃത നിരീക്ഷണവും വിവരം ചോർത്തലും മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പരൻജോയ് ഗുഹ താക്കുർതാ, എസ് എൻ എം ആബ്ദി, പ്രേംശങ്കർ ത്സാ, രൂപേഷ് കുമാർ സിങ്, ഇപ്സാ ശതാക്ഷി എന്നിവർ ഹർജികളിൽ ചൂണ്ടിക്കാണിച്ചു. ആദ്യമായാണ് ഇരകളായ മാധ്യമപ്രവർത്തകർ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുന്നത്.
പ്രമുഖ മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, രാജ്യസഭാ എംപി ജോൺബ്രിട്ടാസ്, എം എൽ ശർമ എന്നിവർ നൽകിയ ഹർജികൾ ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കുന്നുണ്ട്. പുതിയ ഹർജികളും അന്ന് പരിഗണിച്ചേക്കും. പെഗാസസ് ചോർത്തൽ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കുക, അന്വേഷണത്തിന്റെ രേഖകളും തെളിവുകളും സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകുക, പൗരന്മാർക്ക് ചാരസോഫ്റ്റ്വെയർ–- സൈബർ ആയുധങ്ങളിൽനിന്നുള്ള സുരക്ഷ നൽകാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുക- തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചത്.