ന്യൂഡൽഹി
വൈദ്യുതിമേഖല പൂർണമായും കോർപറേറ്റുകൾക്ക് കൈമാറുന്ന വൈദ്യുതി ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് കർഷക പാർലമെന്റ് ആവശ്യപ്പെട്ടു. വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ബില്ലുകളുടെ പട്ടികയിൽ ഈ ബില്ലുമുണ്ട്. നടപ്പു സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കരുത്. ഗ്രാമീണ ഉൽപ്പാദനത്തിന്റെയും സംസ്കരണത്തിന്റെയും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സേവന മേഖലകളുടെയും അടിസ്ഥാന വിഭവമെന്ന നിലയിൽ കർഷകർക്കും ഗ്രാമീണർക്കും പ്രയോജനപ്പെടുംവിധം മുടക്കമില്ലാതെ സൗജന്യവൈദ്യുതി എന്നതാകണം സർക്കാർനയമെന്ന് കർഷക പാർലമെന്റ് ആവശ്യപ്പെട്ടു.
കർഷകരുമായി നടത്തിയ ചർച്ചയിൽ വൈദ്യുതി ഭേദഗതി ബിൽ കൊണ്ടുവരില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. അവശ്യവസ്തുവായ ദേശീയ വിഭവമാണ് വൈദ്യുതി. കർഷകർക്ക് മിതമായ നിരക്കിൽ നിലവാരമുള്ള വൈദ്യുതി ലഭിക്കേണ്ടതുണ്ട്. ഡീസൽവില കുതിച്ചുയരുന്നതിനാൽ കർഷകർക്ക് കൂടുതലായി വൈദ്യുതിയെ ആശ്രയിക്കേണ്ടി വരും. സ്വകാര്യവൽക്കരിക്കുന്നതോടെ വൈദ്യുതിനിരക്കുകൾ കൂടും. കർഷകർക്ക് മാത്രമല്ല, ചെറുകിടക്കാർക്കും ദോഷം ചെയ്യും. സബ്സിഡി ഇല്ലാതാകും. സ്വകാര്യ വൈദ്യുതി കമ്പനികൾക്ക് ലാഭം കൊയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ബിൽ–- കർഷക പാർലമെന്റ് ചൂണ്ടിക്കാട്ടി.
ഹരിയാനയിൽ ബിജെപി നേതാക്കൾക്കെതിരായ പ്രതിഷേധം തുടരുകയാണെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു. മുൻ മന്ത്രി കൃഷൻ ബേഡിയെ സഹബാദിൽ കർഷകർ കരിങ്കൊടി കാട്ടി. കർഷകരെ പ്രകോപിപ്പിക്കാനുള്ള ബിജെപിയുടെ തിരംഗാ യാത്ര ആളെ കിട്ടാനില്ലാതെ പ്രതിസന്ധിയിലായി. തിരംഗാ യാത്രയിൽ പങ്കെടുത്താൽ 2000 രൂപ നൽകാമെന്ന് ബിജെപി നേതാവ് പറയുന്ന ഫോൺ സംഭാഷണവും പുറത്തായി.