അങ്കാര
തുര്ക്കിയില് വ്യാപക നാശനഷ്ടം വിതച്ച് കാട്ടുതീ പടരുന്നു. കിഴക്കൻ തുർക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിരവധി ഗ്രാമങ്ങൾ ഒഴിപ്പിച്ചു. ആറ് ദിവസമായി പടര്ന്നുപിടിക്കുന്ന തീയില് പത്തോളം പേർ മരിച്ചു. ശക്തമായ കാറ്റും ഉയര്ന്ന താപനിലയും കാലാവസ്ഥാ വ്യതിയാനവും ദുരന്തത്തിന്റെ തീവ്രത രൂക്ഷമാക്കുന്നുണ്ട്. ഒരു ദശാബ്ദത്തിനിടയിൽ തുര്ക്കി കണ്ട ഏറ്റവും വലിയ തീപിടിത്തമാണിത്.
വിനോദസഞ്ചാര നഗരമായ ബോഡ്രമിൽനിന്നും സമീപ പ്രദേശങ്ങളില്നിന്നും ആളുകളെ ഒഴിപ്പിച്ചു. റോഡ് ഗതാഗതം സാധ്യമല്ലാത്തതിനാൽ ബോട്ട് ഉപയോഗിച്ചാണ് ആളുകളെ ഒഴിപ്പിച്ചത്. റിസോർട്ട് നഗരമായ അന്റാലിയയിൽനിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. നാശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള് പ്രതിരോധമന്ത്രാലയം പുറത്തുവിട്ടു . നിരവധി വീടുകളും റിസോര്ട്ടുകളും കത്തിനശിച്ചിട്ടുണ്ട്.
തുർക്കിയെ സഹായിക്കാൻ ജലവാഹക വിമാനങ്ങള് അയക്കാന് യൂറോപ്യന് യൂണിയന് തീരുമാനിച്ചു. ക്രൊയേഷ്യയിൽനിന്ന് ഒന്നും സ്പെയിനിൽനിന്ന് രണ്ടെണ്ണവും അയക്കും. ഉക്രെയ്ൻ, റഷ്യ, അസർബൈജാൻ, ഇറാൻ എന്നിവിടങ്ങളിൽനിന്ന് അയച്ച വിമാനങ്ങളും തീപിടിത്തത്തെ ചെറുക്കുന്നു.