ന്യൂഡൽഹി
പെഗാസസ് ചാര സോഫ്റ്റ്വെയറിനെ ഇസ്രയേൽ നയതന്ത്ര നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തൽ. എൻഎസ്ഒയുടെ ചാര സാങ്കേതികവിദ്യ പ്രദർശിപ്പിച്ച് നയതന്ത്ര–- സൈനിക നേട്ടങ്ങളുണ്ടാക്കാൻ ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന ബെന്യാമിൻ നെതന്യാഹു ശ്രമിച്ചുവെന്നാണ് വെളിപ്പെടുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രയേൽ സന്ദർശനവും പെഗാസസ് ചോർത്തലുമായി പരസ്പരബന്ധമുണ്ടെന്നും ഇസ്രയേൽ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. ഒരു അഭിമുഖത്തിലാണ് ഇസ്രയേൽ ദിനപത്രമായ ‘ഹാരെറ്റ്സി’ന്റെ ടെക് എഡിറ്ററായ ഒമർ ബെഞ്ചകോസ് സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്.
സ്വകാര്യ കമ്പനിയായ എൻഎസ്ഒയുടെ സോഫ്റ്റ്വെയർ ആയതിനാൽ പെഗാസസിന്റെ വിൽപ്പന സർക്കാരുകൾ തമ്മിലെ കരാർപ്രകാരമല്ല. എന്നാൽ, ഇസ്രയേൽ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി വിൽപ്പനയ്ക്ക് ആവശ്യമാണ്. ഈ അനുമതിയോടെ മാത്രമേ വിദേശ ഏജൻസികൾക്ക് പെഗാസസ് സ്വന്തമാക്കാനാകൂ. പൊലീസ്, സൈന്യം, ഇന്റലിജൻസ് ഏജൻസികൾ തുടങ്ങി സർക്കാർ ഏജൻസികൾക്ക് മാത്രമേ പെഗാസസ് കൈമാറൂ.
വിവരം പുറത്തായ പെഗാസസ് ചോർത്തലുകളെല്ലാംതന്നെ സർക്കാർ ഏജൻസികൾ നടത്തിയതാണ്. സൈബർ കടന്നാക്രമണ മേഖലയിലാണ് എൻഎസ്ഒയുടെ പ്രവർത്തനം. ഈ സാങ്കേതികമേന്മ ഉയർത്തിക്കാട്ടി നയതന്ത്രനീക്കങ്ങൾ നടത്തുകയാണ് നെതന്യാഹു ചെയ്തത്. ഇസ്രയേലുമായി സൈനിക വ്യാപാര കരാറുകളിൽ ഏർപ്പെടാൻ പല രാജ്യത്തെയും പ്രേരിപ്പിക്കാനും പെഗാസസിനെ ആയുധമാക്കി.
ഇന്ത്യയിലേതുപോലെ തീവ്രവലതു പാർടി ഭരിക്കുന്ന ഹംഗറിയിലും പെഗാസസ് വിവാദം ഉയർന്നിരുന്നു. 2018 ജൂലൈയിൽ നെതന്യാഹു ഹംഗറി സന്ദർശിച്ചു. പിന്നാലെ ഹംഗറിയിൽ മാധ്യമപ്രവർത്തകരും പ്രതിപക്ഷ നേതാക്കളും അഭിഭാഷകരുമൊക്കെ പെഗാസസ് നിരീക്ഷണത്തിലായി. മോഡി 2017 ജൂലൈയിൽ ഇസ്രയേൽ സന്ദർശിച്ചതിനുശേഷം ഇന്ത്യയിലും നെതന്യാഹു ഹംഗറി സന്ദർശിച്ചതിനുശേഷം അവിടെയും പെഗാസസ് ചോർത്തൽ ആരംഭിച്ചുവെന്നത് യാദൃച്ഛികമല്ല–- ബെഞ്ചകോസ് പറഞ്ഞു.