ന്യൂഡൽഹി
കോവിഡ് മൂന്നാംതരംഗം ആഗസ്തിൽത്തന്നെ ഉണ്ടായേക്കുമെന്നും ഒക്ടോബറിൽ പാരമ്യത്തിലെത്തുമെന്നും പഠനറിപ്പോർട്ട്. പ്രതിദിനം ഒന്നുമുതൽ ഒന്നര ലക്ഷം കേസുവരെ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും കാൺപുർ, ഹൈദരാബാദ് ഐഐടി ഗവേഷകരുടെ പഠനം. രണ്ടാംതരംഗവുമായി താരതമ്യപ്പെടുത്തിയാൽ മൂന്നിന്റെ തീവ്രത കുറവായിരിക്കുമെന്നും ഗവേഷകരായ മാത്തുകുമാലി വിദ്യാസാഗർ, മനീന്ദ്ര അഗർവാൾ എന്നിവർ വ്യക്തമാക്കി.
രാജ്യത്ത് 24 മണിക്കൂറിൽ 40,134 പുതിയ കോവിഡ് രോഗികളും 422 മരണവും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ ആറാംദിവസമാണ് രോഗികളുടെ എണ്ണം 40,000 കടന്നത്. മെയ് പകുതിക്കുശേഷം കോവിഡ് കേസുകളുടെ ആഴ്ചാനുപാത കണക്കിൽ വർധന രേഖപ്പെടുത്തിയതായി വിദഗ്ധർ ചൂണ്ടിക്കാണിച്ചു. ജൂലൈ 26 മുതൽ ആഗസ്ത് ഒന്നുവരെയുള്ള ആഴ്ചയിൽ 2.86 ലക്ഷം പുതിയ കേസാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടുമുമ്പത്തെ ആഴ്ചയിൽ 2.66 ലക്ഷം കേസായിരുന്നു. ഞായറാഴ്ച 17 സംസ്ഥാനം/ കേന്ദ്രഭരണപ്രദേശങ്ങൾ കോവിഡ് കേസുകൾ ഉയരുന്ന പ്രവണത കാണിച്ചു.
ആകെ വാക്സിൻ ഡോസ് 47.78 കോടി കടന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴ് വരെ 53.67 ലക്ഷം ഡോസ് കുത്തിവച്ചു. 18 –- 44 വിഭാഗത്തിന് 16.92 കോടി ഡോസ് നൽകി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ 18–-44 വിഭാഗത്തിൽ 10 ലക്ഷത്തിലധികം പേർക്ക് ആദ്യഡോസ് നൽകി.