ന്യൂഡൽഹി
ഐടി നിയമത്തിലെ 66 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. അതിന് കൃത്യമായ ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ശ്രേയാ സിംഗാൾ കേസിൽ (2015) സുപ്രീംകോടതി റദ്ദാക്കിയ 66 എ വകുപ്പ് പ്രകാരം പല സംസ്ഥാനത്തും കേസെടുക്കുന്നത് ചൂണ്ടിക്കാണിച്ചുള്ള ഹർജിയിലാണ് നിരീക്ഷണം.
എല്ലാ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഹൈക്കോടതി രജിസ്ട്രാർമാർക്കും നോട്ടീസ് അയക്കാൻ ജസ്റ്റിസ് ആർ എഫ് നരിമാൻ, ഭൂഷൺ ഗവായ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
പൊലീസ് സംസ്ഥാനവിഷയമാണെന്നും ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇതേത്തുടർന്നാണ്, സംസ്ഥാനങ്ങളുടെകൂടി നിലപാട് തേടാൻ കോടതി തീരുമാനിച്ചത്. റദ്ദാക്കിയ വകുപ്പ് ചുമത്തി രാജ്യത്ത് കേസുകൾ എടുക്കുന്നതിൽ സുപ്രീംകോടതി നേരത്തേ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു.