കുവൈറ്റ് സിറ്റി > ആറു മാസകാലത്തെ യാത്ര വിലക്കിനു ശേഷം കുവൈറ്റിലേക്ക് പ്രവാസികൾ മടങ്ങിയെത്തി തുടങ്ങി. കുവൈറ്റ് സർക്കാർ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കും മറ്റു മാനദണ്ഡങ്ങൾ പൂർത്തീകരിച്ചവർക്കും പ്രവേശനമനുവദിക്കാനുള്ള പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് ഇന്നലെ പുലർച്ചെ മുതൽ സാധുവായ താമസ രേഖയുള്ളവർ തിരിച്ചെത്തി തുടങ്ങിയത്. ഇതുപ്രകാരം തുർക്കിയിൽ നിന്നുള്ള പതിമൂന്ന് വിമാനങ്ങളാണ് ആദ്യമായി കുവൈറ്റിലെത്തിയത്.
ബഹ്റൈൻ, ലബനോൻ, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും ഇന്നലെ മുതൽ കുവൈറ്റിൽ എത്തി തുടങ്ങിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നെത്തിയ അംഗീകൃത വാക്സിനുകൾ സ്വീകരിച്ച, എന്നാൽ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത പ്രവാസികളെ എയർപോർട്ടിൽ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ ഇന്ത്യക്കാരുടെ മടക്കം സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. നേരിട്ടുള്ള യാതാ വിമാനത്തിന് ഇതുവരെ കുവൈറ്റ് സർക്കാർ അനുമതി നൽകിയിട്ടില്ല. നേരിട്ട് വരാൻ വിലക്കില്ലാത്ത രാജ്യങ്ങൾ വഴി കൂവൈറ്റിലെത്താമെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും ഇത്തരം രാജ്യങ്ങളിൽ പതിനാലു ദിവസത്തെ ക്വറന്റൈൻ നിർബന്ധമാണോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. നിലവിൽ കുവൈറ്റിലേക്ക് നേരിട്ടെത്താൻ കഴിയുക ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ വഴിയാണ്. ഇപ്പോഴും നാട്ടിൽ തങ്ങുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരുടെയുള്ളവരുടെ പലരുടെയും വിസ കാലാവധി അവസാനിക്കാറായിരിക്കുകയാണ്. ഇന്ത്യക്കാരുടെ തിരിച്ചു വരവ് സാധ്യമാക്കുന്നതിനുള്ള ഇടപെടൽ കുവൈറ്റിലെ ഇന്ത്യൻ എംബസി നടത്തുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയാണ് വ്യോമയാന മേഖലയിലുള്ളവർ.
രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പായി വെബ്സൈറ്റിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുകയും ഇതിന് ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതിയുടെ അംഗീകാരം നേടുകയും വേണമെന്നതാണ് കുവൈറ്റ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശം. ഇതിനിടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 5000 ൽ നിന്നും 10,000 മായി ഉയർത്തണമെന്ന എയർപോർട്ട് അധികൃതരുടെ ആവശ്യവും സർക്കാരിന് മുന്നിലുണ്ട്.