കൊച്ചി: ഉപഭോക്താക്കളുടെ കെ.വൈ.സി പുതുക്കണം എന്നാവശ്യപ്പെട്ടുള്ള തട്ടിപ്പ് ഫോൺവിളികളെ കുറിച്ച് മുന്നറിയിപ്പുമായി ടെലികോം സേവനദാതാവായ വി. അജ്ഞാത നമ്പറുകളിൽ നിന്ന് ഇത്തരത്തിൽ കോളുകളും എസ്എംഎസുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് വി പറയുന്നു.
കമ്പനികളുടെ പ്രതിനിധികളാണെന്ന വ്യാജേനയാണ് ഇവർ സമീപിക്കുന്നത്. ഫോൺ വിളിയിൽ സംശയം പ്രകടിപ്പിക്കുന്നവരെ സിം ബ്ലോക്ക് ചെയ്‌യുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. പരിശോധനയ്ക്കെന്ന പേരിൽ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുകയും ചെയ്‌യുന്നു. വി വാർത്താകുറിപ്പിൽ പറഞ്ഞു.
എന്നാൽ ഇത്തരത്തിലുള്ള ഫോൺ വിളികളെയും സന്ദേശങ്ങളെയും കുറിച്ച് മുന്നറിയിപ്പ് നൽകുകയാണെന്ന് കമ്പനി പറഞ്ഞു. ഫോൺവിളിക്കുന്ന ആർക്കും കെ.വൈ.സി വിവരങ്ങൾ നൽകുകയോ ഒടിപി പങ്കുവെക്കുകയോ ചെയ്‌യരുതെന്നും ഇത്തരം നമ്പറുകളിലേക്ക് തിരികെ വിളിക്കുകയോ എസ്.എം.എസിൽ സൂചിപ്പിച്ചിട്ടുള്ള ലിങ്കുകൾ ക്ലിക്കു ചെയ്‌യുകയോ ചെയ്‌യരുതെന്നും വി മുന്നറിയിപ്പ് നൽകി.
സ്ഥിരീകരിച്ചിട്ടില്ലാത്ത ലിങ്കുകളിൽ ക്ലിക്കു ചെയ്‌യുകയോ എന്തങ്കിലും വിവരങ്ങൾ പങ്കു വെക്കുകയോ ചെയ്താൽ അത് ഡാറ്റയും മറ്റു വിവരങ്ങളും മോഷ്ടിക്കപ്പെടുന്നതിലേക്കു വഴി വെക്കാം. അതു ഗുരുതരമായ മറ്റു പ്രത്യാഘാതങ്ങളും സൃഷ്ടിച്ചേക്കാം.
കമ്പനിയിൽ നിന്ന് ഉപഭോക്താക്കൾക്കുള്ള എല്ലാ അറിയിപ്പുകളും ViCARE എന്ന എസ്എംഎസ് ഐഡിയിൽ നിന്നാവും ലഭിക്കുകയെന്നും അല്ലാത്തവ അവഗണിക്കണമെന്നും കമ്പനി വ്യക്തമാക്കി.