ന്യൂഡൽഹി
പെഗാസസ്, കർഷകപ്രക്ഷോഭം വിഷയങ്ങളിൽ അടിയന്തര ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ വീണ്ടും തള്ളിയതോടെ പാർലമെന്റ് പ്രക്ഷുബ്ധമായി. തുടർച്ചയായ ഒമ്പതാം നാളിലും ഇരുസഭയും പ്രതിഷേധത്തിൽ മുങ്ങി. ഇസ്രയേലി ചാരസോഫ്റ്റ്വെയർ പെഗാസസ് ഉപയോഗിച്ച് ഫോണുകൾ ചോർത്തിയത് ഗുരുതര പ്രശ്നമല്ലെന്ന പാർലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷിയുടെ പ്രസ്താവന ലോക്സഭയിൽ കടുത്ത പ്രതിഷേധത്തിനു കാരണമായി. ബഹളത്തിനിടെ ജനറൽ ഇൻഷുറൻസ് ദേശസാൽക്കരണ ഭേദഗതി ബില്ലും ഡൽഹി മേഖല വായുഗുണനിലവാര ബില്ലും അവതരിപ്പിച്ച് ലോക്സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
രാജ്യസഭ രാവിലെ ചേർന്നപ്പോൾ അടിയന്തര നോട്ടീസുകളുടെ കാര്യം പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ചു. ചർച്ച അനുവദിക്കില്ലെന്ന് ചെയർ വ്യക്തമാക്കിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. 12വരെ പിരിഞ്ഞ സഭ വീണ്ടും ചേർന്നപ്പോഴും രംഗങ്ങൾ ആവർത്തിച്ചു. വീണ്ടും രണ്ടിനു ചേർന്നയുടൻ സഭ തടസ്സപ്പെട്ട് പിരിഞ്ഞു. ഭാവിപരിപാടികൾ ആലോചിക്കാൻ പ്രതിപക്ഷനേതാക്കൾ യോഗം ചേർന്നു.
വായു മലിനീകരണം: കര്ഷകർക്ക് പിഴയിടുന്ന ബില് സഭയില്
ഡൽഹിയടക്കം തലസ്ഥാന നഗരമേഖലയിലെ വായു മലിനീകരണം നിയന്ത്രിക്കാൻ പ്രത്യേക കമീഷന് രൂപംനൽകി മോഡി സർക്കാർ കൊണ്ടുവന്ന ബില്ലിൽ കർഷകദ്രോഹ വ്യവസ്ഥകളുണ്ടെന്ന് സംയുക്ത കിസാൻ മോർച്ച. വായു മലിനീകരണത്തിന്റെ പേരിൽ കർഷകരിൽനിന്ന് പിഴയീടാക്കുന്ന വ്യവസ്ഥ ഓർഡിനൻസിന് പകരം കൊണ്ടുവന്ന ബില്ലിൽ ഉൾപ്പെടുത്തിയതായി കിസാൻ മോർച്ച ചൂണ്ടിക്കാട്ടി. പെഗാസസ് വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബിൽ വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു.
കർഷകരിൽനിന്ന് പിഴ ഈടാക്കില്ലെന്ന് ബില്ലിന്റെ 14–-ാം വകുപ്പിലുണ്ട്. എന്നാൽ, പുതുതായി ഉൾപ്പെടുത്തിയ 15–-ാം വകുപ്പിൽ കച്ചികത്തിക്കൽ പോലുള്ളവയ്ക്ക് കർഷകരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കമീഷന് അധികാരം നൽകി. കർഷകരെ കൂടുതൽ പ്രകോപിപ്പിക്കുംവിധമാണ് സർക്കാർ നീക്കം. നേരത്തെ നൽകിയ വാഗ്ദാനങ്ങളിൽനിന്ന് സർക്കാർ പിന്നോക്കം പോയി.