ന്യൂഡൽഹി: കേരളത്തിലെ ഉയർന്നതോതിലുള്ള കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനസർക്കാരിനെ സഹായിക്കാൻ കേന്ദ്രം അയച്ച ആറംഗ വിദഗ്ധസംഘം തിരുവനന്തപുരത്ത് എത്തി.
നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (എൻ.സി.ഡി.സി.) ഡയറക്ടർ ഡോ. എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. രോഗവ്യാപനം കൂടുതലുള്ള ജില്ലകൾ ഇവർ സന്ദർശിക്കും. സംസ്ഥാന സർക്കാരിന്റെ ആരോഗ്യവിദഗ്ധരുമായി സഹകരിച്ചായിരിക്കും പ്രവർത്തനം.
നിരവധി ആശങ്കകളുണ്ട്, പോസിറ്റിവിറ്റി നിരക്കിന്റെ വർദ്ധന അതിൽ ഒന്നാണ്. എല്ലായിടത്തും കേസുകൾ കുറയുകയും കേരളത്തിൽ വ്യാപനം തുടരുകയും ചെയ്യുന്നു. ഇതിനെ കുറിച്ച് സംസ്ഥാനവുമായി ചർച്ച ചെയ്യാം. ഇതൊരു സമഗ്ര സാഹചര്യമാണ്, കാര്യങ്ങൾ എങ്ങനെ വികസിക്കുന്നുവെന്ന് നമുക്ക് നോക്കാം ഡോ.എസ്.കെ.സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്തെ ആറുജില്ലകളിൽ പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (ടി.പി.ആർ.) 10 ശതമാനത്തിന് മുകളിലുണ്ട്. സംസ്ഥാനത്തെ ശരാശരി പ്രതിവാര ടി.പി.ആർ. 12 ശതമാനത്തോളമാണ്. കേരളത്തിലെ കോവിഡ് വ്യാപനം ആശങ്കയുളവാക്കുന്നതാണെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. കർശനനിയന്ത്രണങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്. അതിനു തുടർച്ചയായിട്ടാണ് വീണ്ടും വിദഗ്ധസംഘത്തെ നിയോഗിക്കുന്നത്.