ചിറ്റാർ > പൂച്ചക്കുളം തേനരുവി സഞ്ചാരികളിൽ അധികമാരും അറിയാത്ത ഇടമാണ്. കാടിന്റെ വന്യത കണ്ട് നടന്ന ചെല്ലുന്നത് കരിമ്പാറ കൂട്ടത്തില് തട്ടി ഒഴുകുന്ന മുത്ത് മണികള് പോലെയുള്ള പൂച്ചക്കുളത്തേക്കാണ്. പ്രകൃതിയെ പ്രണയിക്കുന്ന വിനോദസഞ്ചാരികള്ക്കായി പ്രകൃതി കല്ലില് രചിച്ച കവിതയാണ് താഴേപൂച്ചക്കുളം വെള്ളച്ചാട്ടം. പാറകെട്ടുകളില് നിന്നും ചിന്നി ചിതറിതെറിക്കുന്ന ജലകണങ്ങള് ഏതൊരു സൗന്ദര്യാസ്വാദകന്റെയും മനം കവരും.
തുടര്ച്ചയായി പെയ്ത ശക്തമായ മഴ കൂടുതല് ഭംഗിയും മനോഹാരിതയും നല്കുന്നു. പ്രകൃതി ഒരുക്കിയ മനോഹാരിതക്കുമപ്പുറം സാഹസികത ഇഷ്ടപെടുന്നവരാണ് ഇവിടെ എത്തുന്നവരില് ഏറെയും. ഇരുനൂറടിയോളം ഉയരത്തില് നിന്നും ചിന്നി തെറിക്കുന്ന ജലകണങ്ങള് മനസിന് കുളിര്മയേകുന്ന കാഴ്ചയാണ്. തേനരുവി എന്ന് നാട്ടുകാര് വിളിക്കുന്ന വെള്ളച്ചാട്ടം തണ്ണിത്തോട് പഞ്ചായത്തിലെ കരിമാന്തോടിന് സമീപമാണ്.
കരിമാന് തോട്ടില് നിന്ന് രണ്ടര കിലോമീറ്റര് മാറി പൂച്ചക്കുളം പാലത്തിന് സമീപമാണ് അരുവിയിലെ വെള്ളം വന്നു പതിക്കുന്നത്. തേക്കുതോട്ടില് എത്തി നാല് കിലോമീറ്റര് സഞ്ചരിക്കണം ഇവിടെ എത്താന്. പ്രകൃതിദത്ത ടൂറിസത്തിന് ഏറെ സാധ്യതയുള്ള അരുവിയാണിത്.
താഴെപൂച്ചക്കുളം, എലിമുള്ളുംപ്ലാക്കൽ, മണ്ണീറ മീൻമുട്ടി, മണ്ണീറ വടക്കേക്കര, ഇടക്കണ്ണം, മേടപ്പാറ എസ്റ്റേറ്റ്, ബസ് സ്റ്റാൻഡ് ടാൻസ്ഫോമർ പടി മീൻമുട്ടി റോഡ് എന്നിവിടങ്ങളിലാണ് പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ വിസ്മയം തീർക്കുന്നത്. താഴെപൂച്ചക്കുളത്തെ വെള്ളച്ചാട്ടമാണ് ഇവയിൽ മികവുറ്റത്. 200 അടിയിലേറെ ഉയരത്തിൽ നിന്ന് പാറക്കെട്ടിന്റെ കൈവഴികളിലൂടെയാണ് ജലപാതം വിസ്മയമാകുന്നത്. എലിമുള്ളുംപ്ലാക്കൽ വെള്ളച്ചാട്ടം അടവി ഇക്കോ ടൂറിസം പ്രദേശത്തെ വനത്തിനുള്ളിലാണ്. മറ്റുള്ളവയെല്ലാം ജനവാസ മേഖലയിലൂടെയാണ് ഒഴുകുന്നത്. വെള്ളച്ചാട്ടങ്ങളോടനുബന്ധിച്ച് സൗകര്യങ്ങളൊരുക്കിയാൽ ടൂറിസം സാധ്യതകൾക്ക് ഉണർവ് പകരാനാകും.