മഞ്ചേരി> ഭാര്യയെ വെട്ടികൊലപ്പെടുത്തിയ കേസില് ഭര്ത്താവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഫാറോക്ക് പുത്തൂര് പെരുയമുഖം ഷാജി(42)യെയാണ് മഞ്ചേരി ഒന്നാം അഡീഷണല് സെഷന്സ് കോടതി ശിക്ഷിച്ചത്.
കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 75,000 രൂപ പിഴയും, മാരകമായി അടിച്ചു പരിക്കേല്പിച്ചതിന് നാലുവര്ഷം കഠിന തടവും 25,000 രൂപ പിഴയും പിഴയും ചേര്ത്താണ് ശിക്ഷ. പിഴയടച്ചില്ലങ്കില് നാലുവര്ഷം കൂടി തടവ് അനുഭവിക്കണം. സെഷന്സ് ജഡ്ജി ടി പി സുരേഷ് ബാബുവിന്റേതാണ് വിധി.
ദൃക്സാക്ഷികളുടെ മൊഴിയാണ് കേസില് നിര്ണായകമായത്. 2013 ഫെബ്രുവരി 20നാണ് കേസിന് ആസ്പദമായ സംഭവം. പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിന് സമീപം അമ്മയോടൊപ്പം താമസമാക്കിയ കോട കളത്തില് ഷൈനി(32)യെയാണ് ഇയാള് കൊലപ്പെടുത്തിയത്.
കുടുംബവഴക്കിനെ തുടര്ന്ന് ഷൈനി അമ്മയോടൊപ്പം മാറിതാമസിക്കുകയായിരുന്നു. ഇയാള് ഇടക്കിടെ പരപ്പനങ്ങാടിയിലെ ആ വീട്ടിലെത്തി ശല്യം ചെയ്തു.
പ്രതിയുടെ ഉപദ്രവം രൂക്ഷമായതോടെ വിവാഹമോചനം ആവശ്യപെട്ട് ഷൈനി കോടതിയെ സമീപിച്ചു. ഇതാണ് കൊലപാതകത്തില് കലാശിച്ചത്. സംഭവ ദിവസം അര്ധരാത്രിയില് ആയുധങ്ങളുമായി എത്തിയ ഷാജി വീട്ടില് അതിക്രമിച്ചു കയറി. കറികത്തികൊണ്ട് ഷൈനിയുടെ കഴുത്തിലും വെട്ടുകത്തികൊണ്ട് തലയിലും മാരകമായി വെട്ടി പരിക്കേല്പ്പിച്ചു.
മേശയുടെ കാല്കൊണ്ട് നെഞ്ചില് അടിച്ചു. മരണം ഉറപ്പാക്കിയശേഷമാണ് മര്ധനം അവസാനിപ്പിച്ചത്. മകളെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ അമ്മ കമലയെയും സഹോദരിമാരായ വിമല, തങ്കമണി എത്തിവരെയും ആക്രമിച്ചു. മൂന്നുപേര്ക്കും മാരകമായി പരിക്കേറ്റു. അടിയേറ്റ് കമലുടെ ആറു പല്ലുകള് പൊഴിഞ്ഞു വീണു. വലത്തെ തോളെല്ലും പൊട്ടിയതായും കുറ്റപത്രത്തില് പറയുന്നു. പ്രോസിക്യൂഷന്വേണ്ടി അഡ്വ. സി വാസു ഹാജരായി.
ഷൈനിയുടെ അമ്മയും സഹോദരിമാരും ഉള്പെടെ 24 പേരെ വിസ്തരിച്ചു. 38 രേഖകളും 10 തൊണ്ടു മുതലുകളും തെളിവായി ഹാജരാക്കി. നടപടികള് പൂര്ത്തിയാക്കി പ്രതിയെ കണ്ണൂര് സെൻട്രല് ജയിലിലേക്ക് മാറ്റി.