മനാമ > ഇന്ത്യയില് നിന്നുള്ള വിമാനങ്ങള്ക്ക് ഏര്പ്പെടുത്തിയ വിലക്ക് യുഎഇ ആഗസ്ത് ഏഴുവരെ നീട്ടി. ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവടങ്ങളില് നിന്നുള്ള വിമാന സര്വീസുകള്ക്കാണ് നിരോധനം നീട്ടിയതെന്ന് എമിറേറ്റ്സ് എയര്ലൈന്സ് അറിയിച്ചു. ഇന്ത്യയില് നിന്ന് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്ലൈന്സും അറിയിച്ചു.
ചരക്ക് വിമാനങ്ങള്, ബിസിനസ്, ചാര്ട്ടര് വിമാനങ്ങള് എന്നിവക്ക് വിലക്കില്ല. യുഎഇ പൗരന്മാര്, ഗോള്ഡന് വിസ ഉടമകള്, നയതന്ത്ര കാര്യാലയ ജീവനക്കാര് എന്നിവര്ക്ക് വിലക്കില്ല. ഇന്ത്യയില് കോവിഡ് കേസുകള് ഉയര്ന്നതിനെ തുടര്ന്ന് ഏപ്രില് 24നാണ് ദേശീയ അന്തര്ദ്ദേശീയ വിമാനങ്ങള്ക്ക് യുഎഇ വിലക്ക് ഏര്പ്പെടുത്തിയത്. ഇത് പിന്നീട് പലതവണയായി ദീര്ഘിപ്പിച്ചു.
ജൂണ് 23ന് വിലക്ക് പിന്വലിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നമിഷം റദ്ദാക്കി. ജൂലായ് 28ന് വിലക്ക് നീക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും വീണ്ടും ദീര്ഘിപ്പിക്കുകയായിരുന്നു.