ന്യൂഡൽഹി
പെഗാസസ് ഫോൺ ചോര്ത്തല്, കർഷക പ്രക്ഷോഭം എന്നീ വിഷയങ്ങളിൽ അടിയന്തര ചർച്ചയെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ പാർലമെന്റ് സ്തംഭനം തുടരുന്നു. തിങ്കളാഴ്ച ഇരുസഭയും പലവട്ടം ചേർന്നെങ്കിലും അധികസമയം മുന്നോട്ടുപോകാനായില്ല. സഭാ സ്തംഭനത്തിനു പ്രതിപക്ഷമാണ് ഉത്തരവാദികളെന്ന രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന വലിയ പ്രതിഷേധത്തിന് ഇടയാക്കി. അധ്യക്ഷൻ പക്ഷംചേരുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് രാവിലെ ഇരുസഭയും ആദരാഞ്ജലി അർപ്പിച്ചു. ടോക്യോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ മീരാബായ് ചാനുവിനെ ഇരുസഭയും അഭിനന്ദിച്ചു.
ചർച്ചയില്ലാതെ
2 ബിൽ പാസാക്കി
ലോക്സഭയിൽ ബഹളത്തിനിടെ രണ്ട് ബിൽ ചർച്ച കൂടാതെ പാസാക്കി. ചെറുകിട, ഇടത്തരം വ്യവസായമേഖലയെ ബാധിക്കുന്ന ഫാക്ടറിങ് റഗുലേഷൻ ഭേദഗതി ബിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ബിൽ എന്നിവയാണ് പാസാക്കിയത്. ഏതാനും ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായി പ്രഖ്യാപിക്കാനാണ് ബിൽ.