ബംഗളൂരു
കർണാടക ബിജെപിയിലെ ഗ്രൂപ്പുകളിയിൽ അവസാനം ബി എസ് യെദ്യൂരപ്പയും വീണു. രണ്ടുവർഷത്തെ ‘അഗ്നിപരീക്ഷണ’ത്തിനൊടുവിൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തിങ്കളാഴ്ച സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ ചടങ്ങിലായിരുന്നു നിറകണ്ണുകളോടെ രാജിപ്രഖ്യാപനം. ഉച്ചയ്ക്കുശേഷം ഗവർണർക്ക് രാജിസമർപ്പിച്ചു.
സ്വമനസ്സാലെയാണ് രാജിയെന്നും രണ്ടുമാസം മുമ്പേ തീരുമാനം എടുത്തിരുന്നെന്നും യെദ്യൂരപ്പ പറഞ്ഞു. രാജി സ്വീകരിച്ച ഗവർണർ മന്ത്രിസഭ പിരിച്ചുവിട്ടതായി രാജ്ഭവൻ അറിയിച്ചു. തുടർന്ന് സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കഗേരിയും ഗർവണറെ സന്ദർശിച്ചു. പിൻഗാമിയായി ആരെയും നിർദേശിക്കുന്നില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. പാർടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കും.
യെദ്യൂരപ്പയെ രാജിവയ്പിയ്ക്കുമെന്ന അഭ്യൂഹം രണ്ടുമാസമായി ശക്തമായിരുന്നു. എന്നാൽ തനിക്ക് നേതൃത്വത്തിന്റെ അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ഞായറാഴ്ച വൈകിട്ടുവരെ അദ്ദേഹം പറഞ്ഞത്. എന്നും തന്നെ തുണച്ച ലിംഗായത്ത് സമുദായാചാര്യന്മാരെ അണിനിരത്തി നടത്തിയ അവസാന നീക്കവും പരാജയപ്പെട്ടതോടെയാണ് രാജി. സമുദായത്തിന്റെ അതൃപ്തി ഒഴിവാക്കാൻ പഞ്ചമസാലി ലിംഗായത്ത് വിഭാഗക്കാരും യെദ്യൂരപ്പ വിരുദ്ധരുമായ മുരുഗേഷ് ആർ നിരാനി, അരവിന്ദ് ബെല്ലാഡ് എന്നിവരിലൊരാളെ മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന. കേന്ദ്രനേതൃത്വം തീരുമാനിക്കുന്നയാളുടെ പേര് യെദ്യൂരപ്പ തന്നെ പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്.
ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സർക്കാരിന്റെ ശിൽപ്പിയെന്ന് അറിയപ്പെടുന്ന യെദ്യൂരപ്പ അപമാനിതനായാണ് പടിയിറങ്ങുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ നേതൃത്വം നിർദേശിച്ച ഗവർണർ സ്ഥാനം സ്വീകരിക്കില്ല. പാർടിയെ ‘ശക്തിപ്പെടുത്താൻ’ തുടർന്നും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.