ന്യൂഡൽഹി
2ജി സ്പെക്ട്രം, എയർസെൽ–- മാക്സിസ് തുടങ്ങിയവ അന്വേഷിച്ച മുതിർന്ന ഇഡി ഉദ്യോഗസ്ഥന് രാജേശ്വർ സിങ്ങും പെഗാസസ് ചോർത്തൽ പട്ടികയില്. 2017 അവസാനംമുതൽ 2019 പകുതിവരെ രാജേശ്വർ സിങ്ങും ഭാര്യയും രണ്ട് സഹോദരിമാരും നിരീക്ഷിക്കപ്പെട്ടു.
കോണ്ഗ്രസ് നേതാവ് പി ചിദംബരവും മകനും പ്രതിയായ എയർസെൽ–- മാക്സിസ് കേസ് അന്വേഷിക്കവെ രാജേശ്വറിനെതിരെ അനധികൃത സ്വത്തുസമ്പാദന ആരോപണം ഉയർന്നിരുന്നു. നിലവിൽ ഇഡിയുടെ ലഖ്നൗ ഓഫീസിലാണ് ഇദ്ദേഹം. മോഡിക്കും അമിത് ഷായ്ക്കും അനഭിമതനായതോടെ പാതിര റെയ്ഡിലൂടെ പുറത്താക്കപ്പെട്ട സിബിഐ ഡയറക്ടര് അലോക് വർമയുമായി രാജേശ്വറിന് അടുത്ത ബന്ധമുണ്ടായിരുന്നു. അലോക് വർമയും അദ്ദേഹത്തിന്റെ എതിരാളി രാകേഷ് അസ്താനയും ചോര്ത്തല് പട്ടികയിലുണ്ട്.
പെഗാസസ് പട്ടികയിലുള്ള രാജേശ്വറിന്റെ സഹോദരി ആഭ സിങ് ഐഎഎസുകാരിയായിരുന്നു. നിലവിൽ അഭിഭാഷകയാണ്. ബിജെപി നേതാക്കൾ ഉൾപ്പെട്ട പല കേസും താൻ കൈകാര്യം ചെയ്യുന്നതും നിരീക്ഷിക്കപ്പെടാൻ കാരണമായിരിക്കുമെന്ന് ആഭ പറഞ്ഞു.
പിഎംഒയിലും
ചോര്ത്തല്
അരവിന്ദ് കെജ്രിവാളിന്റെ ചീഫ് കൺസൾട്ടന്റ് ആയിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വി കെ ജയിൻ, നിതി ആയോഗിലെ മുതിർന്ന ഉദ്യോഗസ്ഥൻ, പ്രധാനമന്ത്രി കാര്യാലയത്തിലെ ജൂനിയർ ഉദ്യോഗസ്ഥൻ എന്നിവരും ചോര്ത്തപ്പെട്ടു.
2017ൽ മോഡിയുടെ വിദേശയാത്ര കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് പിഎംഒയിൽ ചോർത്തപ്പെട്ടത്.