ന്യൂഡൽഹി
അടുത്ത പൊതുതെരഞ്ഞെടുപ്പിനുമുമ്പ് ലോക്സഭാ സീറ്റുകള് ആയിരത്തിൽ കൂടുതലായി വർധിപ്പിക്കാൻ ബിജെപിയും കേന്ദ്രസർക്കാരും ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി എംപി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭാ ഹാൾ നിർമിക്കുന്നത് ആയിരത്തിൽപ്പരം സീറ്റോടെയാണ്. നിലവിൽ ലോക്സഭ അംഗബലം 543 ആണ്. ഭരണഘടനപ്രകാരം 552 വരെയാകാം.
ലോക്സഭാ സീറ്റ് 1200 ആക്കാന് ചിലകേന്ദ്രങ്ങളില് നിന്നും നിര്ദേശമുയർന്നു.വോട്ടർമാരുടെ എണ്ണം കൂടിയെന്നാണ് വാദം. ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് ഉയർന്ന പ്രാതിനിധ്യം ലഭിക്കുംവിധമാണ് പരിഷ്കാരനിർദേശം. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം കുറയും.
കേരളത്തിൽനിന്നുള്ള എംപിമാരുടെ എണ്ണം 20ൽനിന്ന് 35 ആകുമെങ്കിലും പ്രാതിനിധ്യനിരക്ക് 3.7 ശതമാനത്തിൽനിന്ന് 2.9 ആകും. അതേസമയം യുപിയിൽനിന്നുള്ള എംപിമാർ 80ൽനിന്ന് 193 ആയും പ്രാതിനിധ്യനിരക്ക് 14.7ൽനിന്ന് 16 ശതമാനമാകും.