കൊച്ചി
ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് അഫ്ഗാൻ ജയിലിൽ തടങ്കലിൽ കഴിയുന്ന മകൾ നിമിഷയെയും കുഞ്ഞിനെയും നാട്ടിൽ എത്തിക്കാൻ നിർദേശം നൽകണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാടുതേടി. രണ്ടാഴ്ചയ്ക്കകം തീരുമാനം അറിയിക്കണം. നിമിഷയുടെ അമ്മ തിരുവനന്തപുരം മണക്കാട് സ്വദേശി ബിന്ദു സമ്പത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി ബി സുരേഷ്കുമാർ പരിഗണിച്ചത്.
ഭർത്താവിനൊപ്പം ഐഎസിൽ ചേർന്ന നിമിഷ, ഭർത്താവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് അഫ്ഗാൻ പൊലീസിന് കീഴടങ്ങി ജയിലിലാണെന്നും നാട്ടിലെത്തിക്കാൻ നടപടി വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. മകളെയും കുഞ്ഞിനെയും നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി കോടതി നിർദേശപ്രകാരം പിൻവലിച്ചിരുന്നു.