ബംഗളൂരു > ബിജെപിയിലെ പാളയത്തിൽ പടയിൽ ഉലഞ്ഞ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ലിംഗായത്ത് ശക്തികേന്ദ്രങ്ങളെ അണിനിരത്തിയതോടെ കർണാടകത്തിലെ നേതൃമാറ്റം അനിശ്ചിതത്വത്തിൽ. ലിംഗായത്ത് പുരോഹിതരും കോൺഗ്രസ് നേതാക്കളും യെദ്യൂരപ്പയ്ക്കുവേണ്ടി നിലയുറപ്പിച്ചതോടെ കേന്ദ്രനേതൃത്വം ആശങ്കയിലായി. മന്ത്രിസഭ രണ്ട് വർഷം തികയുന്ന തിങ്കളാഴ്ചത്തേക്ക് രാഷ്ട്രീയ സസ്പെൻസ് നീണ്ടു.
തനിക്ക് നേതൃത്വത്തിന്റെ അറിയിപ്പൊന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രിയായി തുടരുമോയെന്ന് തിങ്കളാഴ്ച അറിയിക്കാമെന്നും ഞായറാഴ്ച വൈകി യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. 25ന് നേതൃത്വം തീരുമാനം അറിയിക്കും, താൻ വഴങ്ങും എന്നായിരുന്നു യെദ്യൂരപ്പ മുമ്പ് പറഞ്ഞിരുന്നത്. രണ്ട് മാസംമുമ്പ് രാജി സന്നദ്ധത അറിയിച്ചിരുന്നെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു. യെദ്യൂരപ്പ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് ദേശീയ പ്രസിഡന്റ് ജെ പി നദ്ദ ഞായറാഴ്ച പ്രതികരിച്ചു.
കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും മകൻ ഭരണത്തിൽ ഇടപെടുന്നതും ഉയർത്തിയ പ്രതിഷേധ കൊടുംങ്കാറ്റിൽ യെദ്യൂരപ്പ വീഴുമെന്ന സൂചന ശക്തമായിരുന്നു. ജൂലൈ ആദ്യം ഡൽഹിയിൽ നേതാക്കളെ സന്ദർശിച്ച് മടങ്ങിയെത്തിയ യെദ്യൂരപ്പ നേതൃമാറ്റം ചർച്ചയിലില്ലെന്നാണ് പ്രതികരിച്ചത്. എന്നാൽ, തന്റെ ഭാവി നേതൃത്വം തീരുമാനിക്കുമെന്ന് പിന്നീട് തിരുത്തി. പിന്നീടാണ് യെദ്യൂരപ്പ തന്റെസമുദായത്തിലെ പുരോഹിതരെയും കോൺഗ്രസ് നേതാക്കളെയും രംഗത്തിറക്കിയത്.
ചരടുവലിച്ച് നേതാക്കൾ
സമ്മർദം മറികടക്കാൻ ലിംഗായത്തുകാരനായ ബസനഗൗഡ പാട്ടീലിനെ പരിഗണിച്ചാൽ യെദ്യൂരപ്പയ്ക്ക് തിരിച്ചടിയാകും. യെദ്യൂരപ്പക്കെതിരെ പരസ്യകലാപം നടത്തിയ എംഎൽഎയാണ് ബസനഗൗഡ. യെദ്യൂരപ്പയെ പിന്തുണയ്ക്കുന്ന പുരോഹിതർ അഴിമതിക്കാണ് കൂട്ടുനിൽക്കുന്നതെന്ന് ബിജെപി എംഎൽസി എ എച്ച് വിശ്വനാഥ് വിമർശിച്ചിരുന്നു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി, ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു.
1988ൽ രാമകൃഷ്ണ ഹെഗ്ഡെയ്ക്കുശേഷം ഒരു ബ്രാഹ്മണ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്നതിനാൽ ജോഷിയും സന്തോഷും പ്രതീക്ഷയിലാണ്. സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കഗേരിയുടെ പേരും പ്രചരിക്കുന്നുണ്ട്.