തിരുവനന്തപുരം > യാത്രാവിലക്കിൽ ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനാകാതെ മൂന്നുലക്ഷത്തോളം പ്രവാസി മലയാളികൾ ദുരിതത്തിൽ. കോവിഡ് രണ്ടാം തരംഗത്തിനുമുമ്പ് നാട്ടിലെത്തി വിസാ കാലാവധിയുള്ളവരാണ് പ്രതിസന്ധിയിലായത്. തിരിച്ചെത്താത്ത പലർക്കും പിരിച്ചുവിടലിനു മുമ്പുള്ള നോട്ടീസ് ലഭിച്ചുതുടങ്ങി. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലടക്കം ജോലി ചെയ്യുന്നവർക്കാണ് നോട്ടീസ് ലഭിച്ചത്.
നിലവിൽ ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലാണ് യാത്രാനുമതിയുള്ളത്. മലയാളികൾ ഏറ്റവും കൂടുതലുള്ള സൗദി, യുഎഇ, കുവൈത്ത്, ഒമാൻ അടക്കമുള്ള രാജ്യങ്ങളിൽ അനുമതിയില്ല. വിസാ കാലാവധി കഴിയുംമുമ്പ് തിരിച്ചെത്താൻ അർമേനിയ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങൾ വഴി യാത്രചെയ്യാൻ ശ്രമിക്കുന്നവരുമുണ്ട്. ഇതിനായി വലിയ സാമ്പത്തിക ബാധ്യതയാണ് ഏറ്റെടുക്കേണ്ടിവരുന്നത്.
ഖത്തറിലെത്തി മറ്റ് രാജ്യങ്ങളിലേക്കു പോകാനും നിരവധി പേർ തയ്യാറാകുന്നു. തിരക്ക് മുതലെടുത്ത് ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതും തിരിച്ചടിയായി. ദോഹയിലേക്ക് 8500 മുതൽ 10,000 വരെയായിരുന്ന ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് 30,000 വരെയാക്കി. ആവശ്യത്തിന് വിമാന സർവീസുമില്ല.
ഖത്തറിൽ 10 ദിവസം ക്വാറന്റൈനിൽ കഴിയാനും വൻതുക വേണ്ടിവരും. സൗദി അടക്കമുള്ള രാജ്യങ്ങൾ കോവാക്സിൻ അംഗീകരിക്കാത്തതും തിരിച്ചടിയാണ്. കോവാക്സിൻ എടുത്ത് സൗദിയിലെത്തിയവർക്ക് ഗ്രീൻ സിഗ്നൽ ലഭിക്കാത്തതിനാൽ പുറത്തിറങ്ങാൻ കഴിയുന്നില്ല.
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി നേരിട്ട് പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനങ്ങാപ്പാറ നയം തുടരുകയാണ്. കേന്ദ്ര വിദേശകാര്യ വകുപ്പിന് ചീഫ് സെക്രട്ടറി രേഖാമൂലം പരാതിയും നൽകി.
ലക്ഷക്കണക്കിന് മലയാളികളെ ബാധിക്കുന്ന വിഷയമായിട്ടും മലയാളിയായ വിദേശകാര്യ സഹമന്ത്രി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. യാത്രാവിലക്ക് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക പ്രതിനിധി സംഘത്തെ അയക്കണമെന്ന് കേരള പ്രവാസി സംഘം ആവശ്യപ്പെട്ടു.