ന്യൂഡൽഹി > ഒറ്റ ക്ലിക്കിന്റെപോലും ആവശ്യമില്ലാതെ ഏത് ഫോണിലും നുഴഞ്ഞുകയറാവുന്ന ചാര സോഫ്റ്റ്വെയറായ പെഗാസസിനെ ഇസ്രയേൽ പരിഗണിക്കുന്നത് ആയുധമായി. സ്വകാര്യ കമ്പനിയായ എൻഎസ്ഒയാണ് നിർമാതാക്കളെങ്കിലും പെഗാസസ് ആർക്കെങ്കിലും കൈമാറുന്നതിന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വേണം. സർക്കാർ ഏജൻസികൾക്കു മാത്രമാണ് പെഗാസസ് കൈമാറുന്നതെന്നാണ് ഇസ്രയേൽ നിലപാട്.
ടെൽഅവീവ് കേന്ദ്രമായ എൻഎസ്ഒയ്ക്ക് ആ പേര് ലഭിച്ചത് സ്ഥാപകരായ നിവ്, ഷാലെവ്, ഒമ്റി എന്നിവരുടെ പേരുകളിലെ ആദ്യ അക്ഷരമെടുത്താണ്. ഇസ്രയേൽ ഇന്റലിജൻസ് കോറിന്റെ യൂണിറ്റ് 8200ലെ അംഗങ്ങളായിരുന്നു നിവും ഷാലെവും ഒമ്റിയും. സിഗ്നലുകൾ പിടിച്ചെടുത്തുള്ള ഇന്റലിജൻസ് ശേഖരമാണ് യൂണിറ്റ് 8200ന്റെ ചുമതല. സിഗിന്റ് നാഷണൽ യൂണിറ്റ് എന്നുകൂടി അറിയപ്പെടുന്ന ഈ യൂണിറ്റ് ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ വിഭാഗമാണ്.
2014ൽ നരേന്ദ്ര മോഡി അധികാരത്തിലെത്തിയതോടെ ഇസ്രയേലുമായി ഇന്ത്യയുടെ സൈനിക സഹകരണത്തിൽ വലിയ വർധനയുണ്ടായി. നിലവിൽ ഇന്ത്യയ്ക്ക് ആയുധം വിൽക്കുന്നവരില് നാലാംസ്ഥാനത്താണ് ഇസ്രയേല്. 2017 ജൂലൈയിൽ മോഡി ഇസ്രയേൽ സന്ദർശിച്ചു. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിച്ചത്. പിന്നീടാണ് ഇന്ത്യയിൽ പെഗാസസ് ചോർത്തല് തുടങ്ങിയത്.