ന്യൂഡൽഹി > മോഡി സർക്കാർ പുതുതായി സഹകരണ മന്ത്രാലയം രൂപീകരിച്ചത് കാർഷികമേഖലയെക്കൂടി ലക്ഷ്യമിട്ടാണെന്ന് കിസാൻസഭ. ചുമതല അമിത് ഷായ്ക്ക് നൽകിയതിലും രഹസ്യ അജൻഡയുണ്ട്. അഞ്ചു വർഷത്തിനിടെ പതിനായിരം കാർഷിക ഉൽപ്പാദന സംഘടന (എഫ്പിഒ) രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനവും മന്ത്രാലയ രൂപീകരണവും വൻകിട കോർപറേറ്റുകളെ കാർഷികമേഖലയിലേക്ക് കൊണ്ടുവരാനാണ്.
വിലപേശൽ ശേഷിയിലും വിഭവനിയന്ത്രണത്തിലും വൻകിട കുത്തകകളുമായി പിടിച്ചുനിൽക്കാൻ കർഷക കൂട്ടായ്മകൾക്കാകില്ല. നിലവിലെ സഹകരണ സ്ഥാപനങ്ങള്ക്ക് കേന്ദ്രത്തിന്റെ സാമ്പത്തികസഹായമുള്ള എഫ്പിഒകളുമായി മത്സരിക്കേണ്ടിവരും. സഹകരണ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കപ്പെടും.
രാഷ്ട്രീയ, സാമ്പത്തിക അധികാരം ഉപയോഗിച്ച് കേന്ദ്രം സഹകരണ സ്ഥാപനങ്ങളെ ബിജെപി നിയന്ത്രണത്തിലാക്കും. പ്രതിപക്ഷ പാർടികളെ അകറ്റിനിർത്തും. മന്ത്രാലയം രൂപീകരിച്ചതിന് പിന്നാലെ നിരവധി സഹകരണസ്ഥാപനങ്ങൾ പത്രമാധ്യമങ്ങളിൽ വൻപരസ്യം നൽകി അമിത് ഷായോടുള്ള വിധേയത്വം പ്രഖ്യാപിച്ചു. ആർഎസ്എസ്, ബിജെപി നിർദേശാനുസരണം പ്രവർത്തിക്കുക അല്ലെങ്കിൽ കേന്ദ്രത്തിന്റെ ശത്രുത ഏറ്റുവാങ്ങുക എന്ന സന്ദേശമാണ് ഇവ നല്കുന്നത്.
കാർഷികമേഖലയും സഹകരണമേഖലയും പിടിച്ചടക്കുകയെന്ന ആർഎസ്എസ്, ബിജെപി ഗൂഢലക്ഷ്യത്തിനെതിരെ പൊരുതി കാർഷികമേഖലയെയും ജനാധിപത്യത്തെയും ഫെഡറലിസത്തെയും സംരക്ഷിക്കാന് നിലകൊള്ളുമെന്നും കിസാൻസഭ പ്രസ്താവനയിൽ പറഞ്ഞു.