ന്യൂഡൽഹി > ഇന്ത്യയിൽ പെഗാസസ് നിരീക്ഷണത്തിൽ നിർത്തിയവരില് എൺപത് ശതമാനം പേരും ചോർത്തപ്പെട്ടിരിക്കാമെന്ന് ഫോറൻസിക് പരിശോധനയില് വെളിപ്പെട്ടു. ആംനെസ്റ്റി ഇന്റർനാഷണലിന്റെ ലാബിലെ പരിശോധനയില് ഇന്ത്യയില് ഇരയാക്കപ്പെട്ടവരുടെ പത്ത് ഫോണില് എട്ടിലും കടന്നുകയറ്റം സ്ഥിരീകരിച്ചു. രാഷ്ട്രീയ നേതാക്കളും സുപ്രീംകോടതി ജഡ്ജിയുമടക്കം മുന്നൂറോളം പേരെയാണ് ഇന്ത്യയിൽ പെഗാസസ് ലക്ഷ്യമിട്ടത്. നിരീക്ഷണ ഘട്ടത്തിലെ ഫോൺ പലരും നിലവിൽ ഉപയോഗിക്കാത്തതിനാൽ പരിശോധന സാധ്യമായിട്ടില്ല.
രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ഫോണ് പരിശോധിക്കുന്ന ഘട്ടത്തിൽപ്പോലും പെഗാസസ് കടന്നുകയറ്റമുണ്ടായി. ബംഗാൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും ഡൽഹിയിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയ ഘട്ടത്തിലും അദ്ദേഹത്തിന്റെ ഐഫോണിൽ പെഗാസസ് നുഴഞ്ഞുകയറി. 2019നുശേഷവും ഇന്ത്യയിൽ ഫോൺ ചോർത്തൽ തുടരുന്നുവെന്ന് ഇതില്നിന്ന് അനുമാനിക്കാം.
ചോർത്തൽ വാർത്ത പുറത്തുകൊണ്ടുവന്ന 17 മാധ്യമങ്ങളുടെ രാജ്യാന്തര കൂട്ടായ്മയിൽ ഉൾപ്പെട്ട ‘ദി വയർ’ പോർട്ടലിന്റെ സ്ഥാപക എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജന്റെയും എം കെ വേണുവിന്റെയും ഫോണ് ചോർത്തിയെന്ന് തെളിഞ്ഞു. മാധ്യമപ്രവർത്തകരായ പരൻജോയ് ഗുഹ താക്കൂർത്ത, സുശാന്ത് സിങ്, എസ് എൻ എം അബ്ദി എന്നിവരെയും ചോര്ത്തി. കശ്മീരിലെ വിഘടനവാദി നേതാവായിരുന്ന ബിലാൽ ലോൺ, പാർലമെന്റ് ആക്രമണക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട പ്രൊഫസർ എസ് എ ആർ ഗീലാനി എന്നിവരെയും ചോര്ത്തി. 2018ൽ ഗീലാനി മരിക്കുംവരെ നിരീക്ഷിച്ചു.
ആഭ്യന്തര മന്ത്രാലയം വാർത്തകൾ ചെയ്യുന്ന ‘ദി ഹിന്ദു’ ലേഖിക വിജയ്ത സിങ്ങ്, ടിവി18 മുന് അവതാരക സ്മിത ശർമ എന്നിവരുടെ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇരുവരെയും ലക്ഷ്യമിട്ടെങ്കിലും നുഴഞ്ഞുകയറ്റം സ്ഥിരീകരിച്ചിട്ടില്ല. സായിബാബ നിയമസഹായ സമിതി ചെയർമാനും ഹൈദരാബാദ് സർവകലാശാല മുൻ അധ്യാപകനുമായ ജി ഹരഗോപാലിന്റെ ഫോൺ പരിശോധനയിലാണ്.