തിരുവനന്തപുരം > പ്രാഥമിക സംഘങ്ങളുടെ ഓഡിറ്റ് ന്യൂനതകളുടെ പരിഹാരനടപടി വ്യവസ്ഥകൾ ശക്തവും കർക്കശവുമാക്കും. കേരള ബാങ്കിന്റെയും പ്രാഥമിക കാർഷികവായ്പാ സംഘങ്ങളുടെയും ഐടി സംയോജനപദ്ധതി നടപ്പാക്കൽ ത്വരിതപ്പെടുത്താനും ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്താനും സർക്കാർ നിർദേശിച്ചു. ഇതിന് നിയമഭേദഗതിയടക്കം ആറുമാസത്തിനകം നിലവിൽവരും. കരട് നിർദേശം സഹകാരികളുമായി ചർച്ച ചെയ്ത് നിയമഭേദഗതി വരുത്തുമെന്ന് സഹകരണമന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
ഐടി സംയോജനത്തിലെ ഏകീകൃത സോഫ്റ്റ്വെയർ സംവിധാനംവഴി ക്രമക്കേടുകൾ തടയാനാകും. കേരള ബാങ്ക് ശാഖകളെ ബന്ധിപ്പിക്കുന്ന കോർ ബാങ്കിങ് നടപ്പാക്കൽ അവസാനഘട്ടത്തിലാണ്. ഡിജിറ്റൽ ബാങ്കിങ് പദ്ധതിയുമുണ്ട്. പ്രാഥമിക കാർഷികവായ്പാ സംഘങ്ങളെയും ഇതിന്റെ ഭാഗമാക്കും. പ്രാഥമിക സംഘങ്ങളുടെ വായ്പാ വിതരണം പരിശോധിക്കാനുള്ള ജില്ലാ സഹകരണ ബാങ്കുകളുടെ അധികാരം കേരള ബാങ്കിനും ലഭ്യമാക്കി. ഇതുവഴി വായ്പാ നടപടികൾ പരിശോധിക്കാം.
പ്രാഥമിക കാർഷികവായ്പാ സംഘങ്ങളിലും ഏകീകൃത സോഫ്റ്റ്വെയർ ഉടൻ യാഥാർഥ്യമാകും. ഇതോടെ നിക്ഷേപം, വായ്പ, മാസത്തവണ നിക്ഷേപ പദ്ധതി തുടങ്ങിയവയെല്ലാം സോഫ്റ്റ്വെയർ വഴിയാകും. സംഘം ഓഡിറ്റിന് ആവശ്യമായതും ഭരണപരവുമായ റിപ്പോർട്ടുകൾ, ആസ്ഥാനത്തെയും ശാഖകളിലെയും ദൈനംദിന കണക്കുകൾ തുടങ്ങി സഹകരണ രജിസ്ട്രാറും സർക്കാരും നിർദേശിക്കുന്ന എല്ലാത്തരം റിപ്പോർട്ടും സോഫ്റ്റ്വെയറിൽ ലഭ്യമാകും. കേന്ദ്രീകൃത സംവിധാനങ്ങളിൽ ഇവയെല്ലാം ദൈനംദിനം പരിശോധിക്കാനാകും. തട്ടിപ്പുശ്രമം യഥാസമയം കണ്ടെത്താം. അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കുന്നത് ഒരേ ഇനത്തിലെ ഒന്നിലധികം വായ്പകളും പല ശാഖകൾവഴിയുള്ള വായ്പാ തട്ടിപ്പ് രീതികളും ഒഴിവാക്കപ്പെടും. സംഘത്തിന്റെ ഭരണനിർവഹണം, ജീവനക്കാരുടെ ശമ്പളം, വിദ്യാഭ്യാസ യോഗ്യത, ഉദ്യോഗക്കയറ്റം തുടങ്ങിയവയും ലഭിക്കും.
അഴിമതിയിൽ 179 സംഘം
കഴിഞ്ഞവർഷംവരെ സംസ്ഥാനത്ത് അഴിമതിയുമായി ബന്ധപ്പെട്ട് 179 സഹകരണ സംഘത്തിനെതിരെ വിവിധ നടപടി സ്വീകരിച്ചു. ഇതിൽ 11 എണ്ണം സംസ്ഥാനതലത്തിലും 168 എണ്ണം പ്രാഥമിക, ജില്ലാതലത്തിലും പ്രവർത്തിക്കുന്നവയാണ്.