തിരുവനന്തപുരം > ആരോഗ്യമേഖലയിൽ രാജ്യത്ത് അസമത്വം വലിയതോതിൽ വർധിക്കുന്നു. സാമ്പത്തിക, സാമൂഹ്യ പരിഗണനകൾക്ക് പുറമേ വിവിധ സമൂഹങ്ങൾ തമ്മിലും നഗര, ഗ്രാമ പ്രദേശങ്ങൾ തമ്മിലും സംസ്ഥാനങ്ങൾക്കിടയിലും ആരോഗ്യ അസമത്വം മൂർച്ഛിക്കുന്നുണ്ട്. സാർവത്രിക ആരോഗ്യപരിരക്ഷയുടെ അഭാവം സാധാരണക്കാരെ തീർത്തും ദുരിതത്തിലാക്കുന്നതായി ഓക്സ്ഫാം ഇന്ത്യയുടെ 2021–-ലെ അസമത്വ റിപ്പോർട്ടിൽ (ഇന്ത്യയുടെ അസമമായ ആരോഗ്യ സംരക്ഷണത്തിന്റെ കഥ) പറയുന്നു. സർക്കാർ കണക്കുകൾ പ്രകാരംതന്നെ അമിതമായ ചികിത്സാച്ചെലവ് കാരണം ഓരോ വർഷവും ആറ് കോടി ആളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നു.
കെനിയക്കും പിന്നിൽ
കോവിഡ്––19 രണ്ടാം തരംഗം ഇന്ത്യയുടെ പൊതുആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ തുറന്നുകാട്ടി. 2017ലെ ദേശീയ ആരോഗ്യ രൂപരേഖ (എൻഎച്ച്പി) പ്രകാരം 10,189 പേർക്ക് ഒരു സർക്കാർ ഡോക്ടറും 90,343 പേർക്ക് ഒരു സർക്കാർ ആശുപത്രിയും മാത്രമേയുള്ളൂ. ബംഗ്ലാദേശ്, കെനിയ തുടങ്ങിയവയേക്കാൾ പിന്നിലാണ് ആശുപത്രി കിടക്കകളുടെ കാര്യത്തിൽ ഇന്ത്യ. ആശുപത്രി കിടക്കകളുടെ എണ്ണം 2010നും 2020നും ഇടയിൽ 10,000 പേർക്ക് ഒമ്പതിൽനിന്ന് അഞ്ചായി. നിലവിൽ കിടക്ക ലഭ്യതയിൽ 167 രാജ്യങ്ങളിൽ 155–-ാം സ്ഥാനത്താണ് ഇന്ത്യ. 10,000 പേർക്ക് അഞ്ച് കിടക്കയും 8.6 ഡോക്ടർമാരുംമാത്രം. ജനസംഖ്യയുടെ 70 ശതമാനം വരുന്ന ഗ്രാമീണമേഖലയിൽ 40 ശതമാനം കിടക്കമാത്രം.
ബജറ്റ് വിഹിതം കുറച്ചു
ഒരു വർഷത്തിനിടെ രണ്ട് കോവിഡ് തരംഗം അഭിമുഖീകരിച്ചിട്ടും ആരോഗ്യമേഖലയ്ക്ക് മതിയായ തുക കേന്ദ്ര ബജറ്റിൽ നീക്കിവച്ചില്ല. ആരോഗ്യ ചെലവുകളിൽ ഇന്ത്യ 154––ാം സ്ഥാനത്താണ്. അയൽരാജ്യങ്ങളായ ഭൂട്ടാൻ ജിഡിപിയുടെ 2.5 ശതമാനവും ശ്രീലങ്ക 1.6 ശതമാനവും നീക്കിവയ്ക്കുമ്പോൾ ഇന്ത്യയിൽ 1.25 ശതമാനംമാത്രം. കോവിഡ് രൂക്ഷമായിരിക്കെ അവതരിപ്പിച്ച 2021-–-22 ലെ കേന്ദ്ര ബജറ്റിൽ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനുള്ള വിഹിതം 8350 കോടിയോളം കുറയ്ക്കുകയായിരുന്നു.
ഇൻഷുറന്സ് അപര്യാപ്തം
ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ വ്യാപ്തി പരിമിതമായതിനാൽ സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനാകില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജനസംഖ്യയുടെ 40 ശതമാനത്തിന് മാത്രമേ ആയൂഷ്മാൻ ഭാരതിലൂടെ കിടത്തി ചികിത്സയ്ക്ക് സഹായം ലഭിക്കുന്നുള്ളൂ.
രണ്ട് പതിറ്റാണ്ടിനിടയിൽ സൗജന്യമരുന്നു വിതരണം നാലിലൊന്നായി കുറച്ചു. 2000ന്റെ തുടക്കത്തിൽ സർക്കാർ ആശുപത്രികളിൽ കിടത്തി ചികിത്സിക്കുന്നവർക്ക് 31.2 ശതമാനം മരുന്നും സൗജന്യമായി നൽകിയിരുന്നു. ഇപ്പോൾ ഇത് 8.9 ശതമാനമായി കുറഞ്ഞു. ഒപി വിഭാഗത്തിൽ 17.8ൽനിന്ന് 5.9 ശതമാനമായി കുറച്ചു.
പാവങ്ങൾ ഏഴര വർഷംമുമ്പേ മരിക്കുന്നു
പട്ടികജാതി, പട്ടികവർഗ കുടുംബങ്ങളെ അപേക്ഷിച്ച് പൊതുവിഭാഗത്തിലുള്ളവർക്ക് ചികിത്സാസൗകര്യം ലഭിക്കുന്നു. സ്ത്രീകളേക്കാൾ പുരുഷന്മാരും ഗ്രാമീണരേക്കാൾ നഗരവാസികളും മുന്നിലാണ്. പൊതുവിഭാഗത്തിൽപ്പെട്ട 65.7 ശതമാനം കുടുംബങ്ങൾക്ക് മെച്ചപ്പെട്ട സ്വന്തം ശുചിത്വ സൗകര്യങ്ങളുണ്ട്. എന്നാൽ, പട്ടികവർഗ വിഭാഗത്തിൽ ഇത് 25.9 ശതമാനം കുടുംബങ്ങൾക്കുമാത്രം. പട്ടികജാതി കുടുംബങ്ങളിലെ കുട്ടികളിൽ വളർച്ച മുരടിപ്പ് പൊതുവിഭാഗത്തേക്കാൾ 12.6 ശതമാനം കൂടുതലാണ്.
ലിംഗം, ജാതി, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ആയുർദൈർഘ്യത്തിലും വലിയ വ്യത്യാസമുണ്ട്. ദരിദ്രർ സമ്പന്നരേക്കാൾ ശരാശരി ഏഴര വർഷംമുമ്പേ മരിക്കുന്നു. ദളിത് സ്ത്രീക്ക് പൊതുവിഭാഗത്തിലെ സ്ത്രീയേക്കാൾ 15 വർഷം ആയുസ്സ് കുറവാണ്. ശിശുമരണനിരക്കും ദളിത്, ആദിവാസി, മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ കൂടുതലാണ്. ആദിവാസി കുടുംബങ്ങളിലെ ശിശുമരണനിരക്ക് പൊതു വിഭാഗത്തേക്കാൾ 40 ശതമാനം കൂടുതലാണ്.