ന്യൂഡൽഹി > പെഗാസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് 2017–-19ല് അര ലക്ഷത്തോളം ഫോണ് ചോർത്തിയെന്ന റിപ്പോർട്ട് തള്ളിയ ഇസ്രയേലി കമ്പനി എൻഎസ്ഒയുടെ വാദം ഖണ്ഡിച്ച് വാട്സാപ് സിഇഒ വിൽ കാത്കാർട്ട് രംഗത്തെത്തി. 45 രാജ്യത്തായി ആകെ ചോര്ത്തിയത് അയ്യായിരത്തില് താഴെ ഫോണുകളാണെന്നാണ് എൻഎസ്ഒ തലവൻ ഷാലെവ് ഹുലിയോയുടെ അവകാശവാദം. ഇത് ശരിയല്ലെന്നും 2019ല് രണ്ടാഴ്ചയ്ക്കിടെ 1400 വാട്സാപ് ഉപയോക്താക്കൾ പെഗാസസ് ചോര്ത്തലിന് ഇരയായെന്നും കാത്കാർട്ട് ‘ദി ഗാർഡിയൻ’ പത്രത്തോട് വെളിപ്പെടുത്തി.
രണ്ടാഴ്ച ഇത്രത്തോളം പേരെ ലക്ഷ്യംവച്ചെങ്കില് രണ്ടു വർഷത്തെ എണ്ണം വളരെ വലുതാകും. വാട്സാപ്പിലെ ചെറുന്യൂനത പഴുതാക്കിയാണ് ചോർത്തിയത്. ഈ പാളിച്ച വാട്സാപ് പിന്നീട് തിരുത്തി. രണ്ടാഴ്ചയ്ക്കിടെ പെഗാസസ് ആക്രമണത്തിന് ഇരയായവരില് നൂറോളം മാധ്യമപ്രവർത്തകരുണ്ട്, മനുഷ്യാവകാശ പ്രവർത്തകരും ആക്റ്റിവിസ്റ്റുകളും നിരവധി രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥരും ചോർത്തപ്പെട്ടവരിലുണ്ട്. ചോർത്തൽ ശ്രദ്ധയിൽവന്നപ്പോൾത്തന്നെ ബന്ധപ്പെട്ട സർക്കാരുകളെ അറിയിച്ചു. നിയമവിരുദ്ധമായ ചോർത്തലിനെതിരായി വലിയ ശബ്ദമുയരണം. ഏതൊക്കെ സര്ക്കാരുകളാണ് പെഗാസസ് വാങ്ങിയതെന്ന് ചര്ച്ചയുണ്ടാകണം –വാട്സാപ് സിഇഒ പറഞ്ഞു.
ചോർത്തൽ പുറത്തുവന്ന 2019ൽ വാട്സാപ് അമേരിക്കന് കോടതിയിൽ എൻഎസ്ഒയ്ക്കെതിരായി ഹർജി സമർപ്പിച്ചു. കേസ് ഇപ്പോഴും തുടരുന്നു. കക്ഷികൾ വിദേശ സർക്കാരുകളായതിനാൽ കേസിൽനിന്ന് സംരക്ഷണം വേണമെന്നാണ് എൻഎസ്ഒയുടെ വാദം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 2017ലെ ഇസ്രയേൽ സന്ദർശനത്തിനു ശേഷമാണ് ഇന്ത്യയിൽ പെഗാസസ് ചോർത്തൽ തുടങ്ങിയത്.
ചോർത്തലിന് ഇരയായവരിൽ 60 സ്ത്രീകൾ
ന്യൂഡൽഹി > ഇന്ത്യയിൽ പെഗാസസ് നിരീക്ഷണത്തിലായ 300 പേരിൽ 60 സ്ത്രീകൾ. മാധ്യമപ്രവർത്തകർ, അധ്യാപകർ, അഭിഭാഷകർ, വീട്ടമ്മമാർ, ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കളുടെ സുഹൃത്തുക്കൾ തുടങ്ങിയവരെയാണ് ചോര്ത്തിയത്. ഫോണില് നുഴഞ്ഞുകയറി ക്യാമറയും മൈക്രോഫോണും പ്രവർത്തിപ്പിച്ച് ചിത്രവും വീഡിയോയും സംഭാഷണവും ചോർത്താൻ പെഗാസസിന് കഴിയുമെന്നതിനാൽ സ്ത്രീശരീരത്തിനുനേരെയുള്ള കടന്നുകയറ്റമാണ് ഇതെന്ന് പൊതുവികാരമുയര്ന്നു.
സ്വകാര്യതയിലേക്കാണ് കടന്നുകയറ്റമുണ്ടായതെന്ന് പെഗാസസ് നിരീക്ഷണത്തിനിരയായ വീട്ടമ്മ മിനാൽ ഗാഡ്ലിങ് ‘ദി വയറി’നോട് പറഞ്ഞു. ഭീമ കൊറെഗാവ് കേസില് 2018ൽ അറസ്റ്റ് ചെയ്യപ്പെട്ട അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്ങിന്റെ ഭാര്യയാണ് മിനാൽ. സുരേന്ദ്രയുടെ ലാപ്ടോപ്പിലേക്കും കടന്നാക്രമണം ഉണ്ടായതായി യുഎസ് ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൾട്ടിങ് അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ വിവരങ്ങളും ജീവനുമെടുക്കാൻ എല്ലായിടത്തുനിന്നും ശ്രമം തുടരുകയാണ്–- മിനാൽ പറഞ്ഞു.
വിവര ലംഘനംമാത്രമല്ല, ശാരീരിക ലംഘനംകൂടിയാണ് സംഭവിച്ചതെന്ന് അഭിഭാഷക വൃന്ദ ഭണ്ഡാരി പറഞ്ഞു. ശരീരത്തിന്റെയും മനസ്സിന്റെയും വ്യക്തിപരമായ സ്വയംനിർണയാവകാശംകൂടി ഉൾപ്പെടുന്നതാണ് സ്വകാര്യതയ്ക്കുള്ള അവകാശമെന്ന് പുട്ടസ്വാമി കേസിൽ 2017ൽ പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമാണ് സാഹചര്യം–- വൃന്ദ പറഞ്ഞു.