തിരുവനന്തപുരം > വിരമിച്ചാലും കേരളം വിടില്ലെന്ന് ജയിൽ മേധാവി ഡിജിപി ഋഷിരാജ് സിങ്. യുപി, ബിഹാർ, രാജസ്ഥാൻ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപ്പോലെ ക്രമസമാധാന പ്രശ്നം കേരളത്തിലില്ല. നല്ല കാലാവസ്ഥയുമാണ്. അതിനാൽ ഇവിടെ തുടരും. എക്സൈസ് കമീഷണർ, ജയിൽ മേധാവി എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് നല്ല പിന്തുണ ലഭിച്ചുവെന്നും അദേഹം ‘ദേശാഭിമാനി’യോട് പറഞ്ഞു. 31ന് സർവീസിൽനിന്ന് വിരമിക്കും. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയാണ്. 1988 ബാച്ച് ഐപിഎസ് ഓഫീസറാണ്. എക്സൈസ് കമീഷണർ, ട്രാൻസ്പോർട്ട് കമീഷണർ, കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
കോളിളക്കം സൃഷ്ടിച്ച ആദർശ് ഫ്ലാറ്റ് കുംഭകോണ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാൻ വലിയ സമ്മർദമുണ്ടായെന്ന് ഋഷിരാജ് സിങ് വെളിപ്പെടുത്തി. താൻ സിബിഐ ജോയിന്റ് ഡയറക്ടറായിരിക്കെയാണ് ആദർശ് ഫ്ലാറ്റ് കുംഭകോണം അന്വേഷിച്ചത്. ഒരു സമ്മർദത്തിനും വഴങ്ങാതെ കുറ്റപത്രം നൽകി. അതിന്റെ പേരിലാണ് സിബിഐ വിടേണ്ടി വന്നത്. പഴയകാലത്ത് പൊലീസ് ഉദ്യോഗസ്ഥർ മീശ മുകളിലോട്ട് ചുരുട്ടിവയ്ക്കും. പൊലീസുകാരായിരുന്ന അച്ഛനും അമ്മാവനും അങ്ങനെയായിരുന്നു. അതിനാലാണ് താനും കൊമ്പൻ മീശക്കാരനായതെന്ന രഹസ്യവും പുറത്തുവിട്ടു.
നെടുമങ്ങാട്ട് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിട്ടായിരുന്നു ആദ്യ നിയമനം. 2001ൽ മികച്ച സേവനത്തിനുള്ള പൊലീസ് മെഡലും 2012ൽ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലും ലഭിച്ചു. മലയാളത്തിൽ ‘വൈകുംമുമ്പേ’ എന്ന പുസ്തം രചിട്ടുണ്ട്. ജി 4 സെക്യൂരിറ്റീസ് മുൻ അസിസ്റ്റന്റ് മാനേജറും ജയ്പുർ രാജകുടുംബാംഗവുമായ ദുർഗേശ്വരി സിങ്ങാണ് ഭാര്യ. മകൻ ഛത്രസാൽ സിങ് ക്യാനഡയിൽ സീനിയർ ക്യാരക്ടർ ആനിമേറ്ററാണ്. മകൾ യശോധര സിങ് ജയ്പുരിലെ സ്റ്റെപ് സ്കൂളിൽ സൈക്കോളജി കൗൺസിലറാണ്.