ന്യൂഡൽഹി
എൻഐഎ എതിര്പ്പ് അറിയിച്ചതോടെ ഫാദർ സ്റ്റാൻ സ്വാമിയെ വാക്കാൽ പ്രശംസിച്ച പരാമർശം പിൻവലിച്ച് ബോംബെ ഹൈക്കോടതി. ‘വ്യക്തിപരമായി നടത്തിയ പരാമർശത്തില് ഏജൻസിക്ക് അതൃപ്തിയുണ്ടെങ്കിൽ പിൻവലിക്കുന്നു. കോടതി എപ്പോഴും ‘സന്തുലിത’ നിലപാടാണ് സ്വീകരിക്കാറുള്ളത്. പക്ഷേ, ജഡ്ജിമാരും മനുഷ്യരാണ്; ചില അവസരങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്’–- ജസ്റ്റിസ് എസ് എസ് ഷിൻഡെ വിശദീകരിച്ചു.എൻഐഎ കസ്റ്റഡിയിൽ മരിച്ച ഫാദർ സ്റ്റാൻ സ്വാമി അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളില് കോടതിക്ക് ആദരവുണ്ടെന്നുമാണ് ജഡ്ജി 19ന് നിരീക്ഷിച്ചത്.
സ്റ്റാൻ സ്വാമിയുടെ മരണത്തെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹത്തിന്റെ ഹര്ജി കോടതി തീർപ്പാക്കരുതെന്ന് മുതിർന്ന അഭിഭാഷകൻ മിഹിർ ദേശായ് ആവശ്യപ്പെട്ടു. ജുഡീഷ്യൽ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് മഹാരാഷ്ട്ര സർക്കാർ കോടതിയെ അറിയിച്ചു. ആഗസ്ത് നാലിന് കേസ് വീണ്ടും പരിഗണിക്കും.