ന്യൂഡൽഹി
പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ കുടുംബാംഗങ്ങളടക്കം കശ്മീരിലെ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും പൗരാവകാശ പ്രവർത്തകരും ഫോണ്ചോര്ത്തലിന്റെ ഇരകള്. 2017 മുതൽ 2019 പകുതിവരെ ഇസ്രയേലി ചാരസോഫ്റ്റ്വെയർ ഉപയോഗിച്ച് കശ്മീരില് വ്യാപക ഫോണ്ചോര്ത്തല് നടത്തിയെന്നാണ് വെളിപ്പെടുന്നത്. ബിജെപി പിന്തുണയോടെ മെഹ്ബൂബ മുഖ്യമന്ത്രിയായിരിക്കെയാണ് കുടുംബാംഗങ്ങളെ നിരീക്ഷിച്ചത്. 2016 ഏപ്രിലിലാണ് സഖ്യസർക്കാർ അധികാരമേറ്റത്. 2018 മുതൽ മെഹ്ബൂബയുടെ കുടുംബാംഗങ്ങളുടെ ഫോണ് ചോര്ത്തി. മാസങ്ങൾക്കകം ബിജെപി പിന്തുണ പിൻവലിച്ചതോടെ സര്ക്കാര് നിലംപൊത്തി.
ഹുറിയത്ത് നേതാവ് സയ്യദ് അലി ഷാ ഗീലാനിയുടെ മരുമകൻ ഇഫ്തിക്കർ ഗീലാനി, മകനും ശാസ്ത്രജ്ഞനുമായ സയ്യദ് നസീം ഗീലാനി അടക്കമുള്ളവരും ചോര്ത്തല് പട്ടികയില്. അലി ഷാ ഗീലാനിക്ക് മൊബൈൽ ഫോൺ ഇല്ല. നിലവിലെ ഹുറിയത്ത് മേധാവി മിർവായിസ് ഉമൻ ഫാറൂഖും നിരീക്ഷിക്കപ്പെട്ടു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് അനുകൂലിക്കുന്ന അപ്നി പാർടി നേതാവ് അൽത്താഫ് ബുഖാരിയുടെ സഹോദരനും നിരീക്ഷിക്കപ്പെട്ടു.