ന്യൂഡൽഹി
ഹൈക്കോടതി ജഡ്ജി നിയമനത്തിന് നിശ്ചിത സമയപരിധിയില്ലെന്ന് രാജ്യസഭയിൽ മറുപടി നൽകിയ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനെതിരെ ജോൺ ബ്രിട്ടാസ് എംപി അവകാശലംഘന നോട്ടീസ് നൽകി. സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്നും മറുപടി കോടതിയലക്ഷ്യമാണെന്നും രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയ അവകാശലംഘന നോട്ടീസിൽ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ജഡ്ജി ഒഴിവിനെക്കുറിച്ചുള്ള ബ്രിട്ടാസിന്റെ ചോദ്യത്തിന് തസ്തിക നികത്തൽ തുടർപ്രക്രിയയാണെന്നും നിശ്ചിത സമയപരിധിയില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ജഡ്ജിസ്ഥാനത്തേക്ക് കൊളീജിയം പേര് ആവർത്തിച്ച് നിർദേശിച്ചാൽ നാല് ആഴ്ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇത് മറച്ചുവച്ചാണ് മന്ത്രിയുടെ മറുപടി.
കൊളീജിയം നിര്ദേശങ്ങളില് കേന്ദ്രം കാലതാമസം വരുത്തുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകിയത്. 2020 ജൂലൈമുതൽ 2021 ജൂലൈവരെ ഹൈക്കോടതികളിലേക്ക് കൊളീജിയം 80 പേര് ശുപാര്ശചെയ്തതില് കേന്ദ്രം അംഗീകരിച്ചത് 45 പേര് മാത്രം. ഹൈക്കോടതികളിലായി 1098 ജഡ്ജി തസ്തികയുണ്ടെങ്കിലും നടത്തിയത് 645 നിയമനംമാത്രം.