ന്യൂഡൽഹി
രാജ്യത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ ചര്ച്ച അനുവദിക്കാത്ത കേന്ദ്രനിലപാടിനെതിരെ പ്രതിപക്ഷ പ്രതിഷേധം തുടർന്നതോടെ തുടർച്ചയായ നാലാംദിനവും പാർലമെന്റ് നടപടി പൂർണമായി സ്തംഭിച്ചു. രാജ്യസഭയിൽ ഐടി മന്ത്രിയുടെ കൈയിലിരുന്ന കടലാസുകൾ പിടിച്ചുവാങ്ങി കീറിയെറിഞ്ഞ തൃണമൂൽ കോൺഗ്രസ് അംഗം ശന്തനു സെന്നിനെ സമ്മേളനകാലയളവിലേക്ക് സസ്പെൻഡ് ചെയ്തു. സഭ വിട്ടുപോകാൻ സെന്നിനോട് രാവിലെ ചെയർ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. പകൽ 12 വരെ സഭ പിരിഞ്ഞു. വീണ്ടും ചേർന്നപ്പോഴും സെൻ സഭയിൽ തുടർന്നു. സസ്പെൻഡ് ചെയ്യപ്പെട്ട അംഗത്തിന്റെ സാന്നിധ്യത്തിൽ നടപടികൾ പാടില്ലെന്നാണ് ചട്ടം. സഭാ സ്തംഭനം തുടരുന്നത് രാജ്യത്തിനും ജനങ്ങൾക്കും ഗുണകരമല്ലെന്ന് അധ്യക്ഷൻ വെങ്കയ്യനായിഡു പറഞ്ഞു.
പെഗാസസ് ചോർത്തൽ, കർഷകപ്രക്ഷോഭം എന്നീ വിഷയങ്ങളിൽ ലോക്സഭ ഉച്ചയ്ക്കുമുമ്പ് രണ്ട് തവണ തടസ്സപ്പെട്ടു. ചോദ്യോത്തരവേളയും പ്രതിഷേധത്തിൽ മുങ്ങി. ഇതോടെ തിങ്കളാഴ്ച ചേരാൻ സഭ പിരിഞ്ഞു.
ജനസംഖ്യ: ബിൽ കൊണ്ടുവരുന്ന എംപിമാർക്ക് മക്കള് രണ്ടിലധികം
ജനസംഖ്യാ നിയന്ത്രണത്തിന് നിയമപരമായ സംവിധാനം ആവശ്യപ്പെട്ട് ലോക്സഭയിൽ സ്വകാര്യബിൽ അവതരിപ്പിക്കാൻ അനുമതി തേടിയ ബിജെപി എംപിമാർക്ക് മക്കള് രണ്ടില് കൂടുതല്. മൂന്ന് ബിജെപി എംപിമാരും ജെഡിയു അംഗവുമാണ് അനുമതി തേടിയത്.
ഇവരിൽ രവി കിഷന്(യുപി)മക്കള് നാല്. സുശീൽകുമാർ സിങ്ങിന്(ബിഹാർ) മൂന്ന് മക്കള്. ലോക്സഭയിലെ 540 അംഗങ്ങളിൽ 168 പേർക്ക് മക്കള് രണ്ടിൽ കൂടുതൽ. ഇവരില് 105 പേർ ബിജെപിക്കാര്. 66 പേർക്ക് മൂന്ന് മക്കളും 26 പേർക്ക് നാല് മക്കളും 13 പേർക്ക് അഞ്ച് മക്കളും. ബിജെപി സഖ്യകക്ഷികളായ ജെഡിയുവിലെ ദിലേശ്വർ കമൈത്തിനും അപ്നദളിലെ പക്കൗരി ലാലിനും ഏഴ് മക്കൾ വീതം, അസമിൽനിന്നുള്ള എഐയുഡിഎഫ് അംഗം മൗലാന ബദറുദ്ദീൻ അജ്മലിനും ഏഴ് മക്കള്.