തിരുവനന്തപുരം
സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ ജയിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന പരാതി ആഭ്യന്തര വകുപ്പ് നേരിട്ട് അന്വേഷിക്കും. ജോയിന്റ് സെക്രട്ടറി ആർ സുഭാഷിനെ അന്വേഷണ ഉദ്യോഗസ്ഥനായി സർക്കാർ നിയമിച്ചു. കുറ്റമറ്റ അന്വേഷണം നടത്താനാണ് പുറത്ത്നിന്നുള്ള ഉദ്യോഗസ്ഥന്റെ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്.
നിരോധിത ലഹരിവസ്തുക്കളടക്കം ജയിലിലെത്തിയ സാഹചര്യം, ഏതെങ്കിലും ജയിൽ ഉദ്യോഗസ്ഥന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്നിവയും അന്വേഷണ പരിധയിൽപ്പെടും. പൂജപ്പുരയിൽനിന്ന് സ്ഥലംമാറ്റിയ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഇസെഡ് ബോസിന് സ്വർണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കാനും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് നിർദേശിച്ചു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുഡിഎഫ്, ബിജെപി നേതാക്കളുടെ പേര് പറയാൻ ജയിൽ സൂപ്രണ്ട് അടക്കം ഭീഷണിപ്പെടുത്തിയതായി പൂജപ്പുര സെൻട്രൽ ജയിലിൽ കോഫെപോസ തടവിൽ കഴിയുന്ന സരിത്ത് എൻഐഎ കോടതിയെ അറിയിച്ചിരുന്നു. ജയിൽ മേധാവി നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. സരിത്ത് ജയിലിൽ സ്ഥിരം പ്രശ്നക്കാരനാണെന്നും സെല്ലിൽനിന്ന് ലഹരിവസ്തുക്കൾ കണ്ടെടുത്തതിലെ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും ജയിൽ സൂപ്രണ്ടും ഡിഐജിയും അന്വേഷണത്തിൽ കണ്ടെത്തി.