ന്യൂഡൽഹി
പെഗാസസ് വിഷയത്തിലും കർഷകപ്രക്ഷോഭത്തിലും സർക്കാരിന്റെ നിഷേധാത്മക നിലപാടുകൾക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ പാർലമെന്റിന്റെ ഇരുസഭയും പൂർണമായും സ്തംഭിച്ചു. പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിലും പ്രതിഷേധിച്ചു. മൂന്ന് കാർഷികനിയമം പിൻവലിക്കാനാവശ്യപ്പെട്ട് എട്ട് മാസമായി സമരംചെയ്യുന്ന കർഷകരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സിപിഐ എം, സിപിഐ, എൽജെഡി, ഡിഎംകെ, ആർജെഡി എംപിമാർ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തി. കോൺഗ്രസ്, ശിരോമണി അകാലിദൾ എംപിമാർ വെവ്വേറെയും പ്രതിഷേധിച്ചു.
കർഷകരുടെ പ്രശ്നങ്ങളും ഫോൺചോർത്തലും മറ്റ് നടപടികൾ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന് ഇരുസഭയിലും പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകിയെങ്കിലും അനുമതി ലഭിച്ചില്ല. ഇതേതുടർന്നുണ്ടായ പ്രതിഷേധത്തിൽ രണ്ട് സഭയും ഉച്ചവരെ പിരിഞ്ഞു. വീണ്ടും ചേർന്നപ്പോഴും സഭകൾ പ്രക്ഷുബ്ധമായി.
പകൽ രണ്ടിന് രാജ്യസഭ ചേർന്നപ്പോൾ ഐടി, ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് പ്രസ്താവന നടത്താൻ എഴുന്നേറ്റു. തൃണമൂൽ കോൺഗ്രസിലെ ശാന്തനു സെൻ മന്ത്രിയുടെ കൈയിലിരുന്ന കടലാസുകൾ പിടിച്ചുവാങ്ങി ചെയറിനുനേരെ കീറിയെറിഞ്ഞു. മന്ത്രി ഹർദീപ് സിങ് പുരിയും ശാന്തനുസെന്നും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. പ്രസ്താവന മേശപ്പുറത്തുവയ്ക്കുന്നതായി ഐടി മന്ത്രി പ്രഖ്യാപിച്ച് സഭ പിരിഞ്ഞു. ലോക്സഭ വീണ്ടും രണ്ട് തവണ ചേർന്നെങ്കിലും അധികനേരം തുടരാനായില്ല.
സമീപനം അപലപനീയം
വരുംദിവസങ്ങളിലും ഈ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുമെന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം പറഞ്ഞു. കർഷകരോടുള്ള സർക്കാർ സമീപനം അങ്ങേയറ്റം അപലപനീയമാണ്. ദൈനിക് ഭാസ്കർ ഓഫീസുകളിലെ ആദായനികുതി റെയ്ഡ്, ഓക്സിജൻ കിട്ടാതെ കോവിഡ്രോഗികൾ മരിച്ചില്ലെന്ന സർക്കാർ വാദം എന്നീ വിഷയങ്ങളിലും എംപിമാർ പ്രതിഷേധിച്ചു.