ന്യൂഡൽഹി
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എട്ടുമാസമായി ഡൽഹി അതിർത്തി കേന്ദ്രീകരിച്ചുള്ള കർഷക സമരം വ്യാഴാഴ്ച മുതൽ പാർലമെന്റിന് മുന്നിലേക്ക് മാറി. ഡൽഹിക്കുള്ളിലേക്ക് കർഷകരെ കടത്താതിരിക്കാൻ കേന്ദ്രം നടത്തിയ അട്ടിമറി ശ്രമങ്ങളെയും അപവാദപ്രചാരണങ്ങളെയുമെല്ലാം ചെറുത്തുതോൽപ്പിച്ചാണ് കർഷകർ പാർലമെന്റിന് മുന്നിലേക്ക് സമരത്തെ എത്തിച്ചത്. വർഷകാല സമ്മേളനത്തിനിടെ പാർലമെന്റിന് പുറത്ത് കർഷകർ സമരമാരംഭിച്ചത് സർക്കാരിന് തിരിച്ചടിയായി. പ്രതിപക്ഷ പാർടികൾ വ്യാഴാഴ്ച ഇരുസഭകളിലും കർഷകർക്കായി ശബ്ദമുയർത്തി നടപടികൾ സ്തംഭിപ്പിച്ചു. കർഷകസംഘടനകളുമായി ചർച്ചയ്ക്ക് കൂട്ടാക്കാത്ത സർക്കാരിന് മേൽ വരുംദിവസങ്ങളിൽ രാഷ്ട്രീയ സമ്മർദമേറും.
സിൻഘു അതിർത്തിയിൽനിന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 200 കർഷകരാണ് ജന്തർമന്ദിറിലേക്ക് നീങ്ങിയത്. എന്നാൽ പരിശോധനയ്ക്കെന്ന പേരിൽ കർഷകർ സഞ്ചരിച്ച ബസുകൾ പൊലീസ് തടഞ്ഞ് റിസോർട്ടിലേക്ക് മാറ്റി. കർഷകർ പ്രതിഷേധിച്ചതോടെ പൊലീസ് പരിശോധനാ നാടകം അവസാനിപ്പിച്ച് യാത്രാനുമതി നൽകി. പകൽ 12.30ഓടെ ജന്തർമന്ദിറിലെത്തിയ കർഷകർ പാർലമെന്റ് സ്ട്രീറ്റിലേക്ക് മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡുകളുയർത്തി തടഞ്ഞതോടെ സമാധാനപരമായി കർഷക പാർലമെന്റ് ചേർന്നു.
എപിഎംസി നിയമം
ചർച്ചയായി
കർഷക പാർലമെന്റിന്റെ ആദ്യ സെഷനിൽ കിസാൻസഭാ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള സ്പീക്കറായി. പഞ്ചാബിൽനിന്നുള്ള കർഷകനേതാവ് മഞ്ജീത്ത് റായിയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. കാർഷിക വിപണി സംവിധാനത്തെ ഇല്ലാതാക്കുന്ന എപിഎംസി നിയമമാണ് ആദ്യ സെഷനിൽ ചർച്ച ചെയ്യപ്പെട്ടത്. തുടർന്ന് രണ്ട് സെഷനുകൾകൂടി ചേർന്നു.
രണ്ടാം സെഷനിൽ യോഗേന്ദ്ര യാദവ് സ്പീക്കറായി. കിസാൻ മഹാസംഘിന്റെ കേരളത്തിൽനിന്നുള്ള നേതാവ് ബിജു അടക്കമുള്ളവർ സംസാരിച്ചു. മിനിമം കൂലി നിയമപരമായി ഉറപ്പുവരുത്തുന്ന ബില്ല് വർഷകാല സമ്മേളനത്തിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം കർഷക പാർലമെന്റ് പാസാക്കി. മൂന്ന് സെഷനുകൾ പൂർത്തീകരിച്ച് അഞ്ചോടെ ആദ്യദിനം അവസാനിപ്പിച്ചു. പാർലമെന്റ് ചേരുന്ന തുടർന്നുള്ള ദിവസങ്ങളിലും കർഷക പാർലമെന്റ് ചേരും.