തിരുവനന്തപുരം
ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ച യാത്രാവിലക്ക് നീക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വിലക്ക് മൂലം പ്രവാസി മലയാളികൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തര ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ക്വാറന്റൈൻ സംവിധാനം, വിമാനത്താവളത്തിൽ സൗജന്യ കോവിഡ് പരിശോധന, കൂടുതൽ വിമാന സർവീസ് എന്നിവ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു. മടങ്ങേണ്ടവർക്ക് വാക്സിനേഷന് മുൻഗണന നൽകി.
എന്നാൽ, കോവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ടു. ആദ്യ ഡോസ് വിദേശത്തുനിന്നും സ്വീകരിച്ച് നാട്ടിലെത്തിയവർക്ക് ചില വാക്സിൻ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ രണ്ടാമത്തെ ഡോസ് എടുക്കാനാകുന്നില്ല. ഈ വിഷയത്തിൽ നടപടിയാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര-വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. അതാത് രാജ്യത്തെ എംബസികളുമായി ആശയവിനിമയം നടത്തി പ്രശ്നം പരിഹരിക്കുകയാണെന്നും കെ ടി ജലീലിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.