ന്യൂഡൽഹി
ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതുൾപ്പെടെ കേന്ദ്രസർക്കാർ കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചകൾ തുറന്നുകാട്ടിയതിന് പ്രമുഖ ഹിന്ദിപത്രം ‘ദൈനിക് ഭാസ്കറി’നെതിരെ കേന്ദ്രസർക്കാരിന്റെ പ്രതികാരം. നികുതി വെട്ടിപ്പ് ആരോപിച്ച് ഡൽഹി, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ സംഘങ്ങൾ റെയ്ഡ് നടത്തി. ഉത്തർപ്രദേശിലെ വാർത്താചാനലായ ‘ഭാരത്സമാചാർ’ ഓഫീസിലും ഐടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.
ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രമാണ് ദൈനിക് ഭാസ്കർ. 12 സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള ദൈനിക് ഭാസ്കറിന് ഹിന്ദി, മറാത്തി, ഗുജറാത്തി ഭാഷകളിൽ അറുപത്തഞ്ചോളം എഡിഷനുണ്ട്. സർക്കാർ സത്യസന്ധമായ മാധ്യമപ്രവർത്തനം ഭയക്കുന്നതിന്റെ തെളിവാണ് റെയ്ഡെന്ന് ദൈനിക് ഭാസ്കർ പ്രസ്താവനയിൽ പറഞ്ഞു. ഐടി ഉദ്യോഗസ്ഥർ ജീവനക്കാരുടെ മൊബൈലുകൾ പിടിച്ചെടുത്തു. ഐടി സംഘത്തിൽ സ്ത്രീകൾ ഇല്ലാതിരുന്നതും വിമർശനത്തിന് ഇടയാക്കി.
സത്യം പുറത്തുവരുന്നത് ബലം പ്രയോഗിച്ച് മൂടിവയ്ക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് സിപിഐ എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗംഗയിൽ മൃതദേഹങ്ങൾ പൊങ്ങിവരുന്നത് പോലെ സത്യങ്ങളും പൊങ്ങിവരും. അത് ഒളിപ്പിക്കാൻ സർക്കാരിന് കഴിയില്ല. വിരട്ടലിന് വേണ്ടി കേന്ദ്രഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണ്–-യെച്ചൂരി ട്വീറ്റ് ചെയ്തു.
പാർലമെന്റിലും
പ്രതിഷേധം
മാധ്യമസ്വാതന്ത്ര്യത്തിന് എതിരായ കടന്നാക്രമണം അംഗീകരിക്കാനാകില്ലെന്ന മുദ്രാവാക്യമുയർത്തി പാർലമെന്റിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ജനാധിപത്യത്തെ അടിച്ചമർത്താനുള്ള നിഷ്ഠൂര നീക്കമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയും മാധ്യമശബ്ദം അടിച്ചമർത്താനുള്ള നീക്കമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള അടവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചൂണ്ടിക്കാണിച്ചു. അതേസമയം, അന്വേഷണഏജൻസികൾ അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് വാർത്താവിതരണ, പ്രക്ഷേപണ മന്ത്രി അനുരാഗ്താക്കൂർ പ്രതികരിച്ചു.