മെക്സിക്കോ സിറ്റി
ഇസ്രയേല് സൈബർ ചാരസ്ഥാപനമായ എന്എസ്ഒയുടെ പെഗാസസ് സോഫ്റ്റ്വെയർ വാങ്ങാന് എന്റിക് പെനാ നിയെതോയുടെ മുന് മെക്സിക്കോ സര്ക്കാര് ചെലവഴിച്ചത് 30 കോടി ഡോളര്. സാമ്പത്തിക വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിലെ പ്രസിഡന്റ് ആന്ദ്രെ മാനുവല് ലോപസ് ഒബ്രാദോർ ഉള്പ്പെടെയുള്ള അന്നത്തെ പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവര്ത്തകരുടെയും ഫോണ് വിവരങ്ങള് മുന് സര്ക്കാര് പെഗാസസ് ഉപയോഗിച്ച് ചോര്ത്തിയത് പുറത്തുവന്നതിന് പിന്നാലെയാണ് വെളിപ്പെടുത്തല്. 2012നും 18നും ഇടയ്ക്കാണ് സര്ക്കാര് ഖജനാവില്നിന്ന് അനധികൃതമായി തുക ചെലവഴിച്ചത്. നിലവിലെ സര്ക്കാര് ചാര സോഫ്റ്റ്വെയറുകൾക്കായി പണംചെലവഴിച്ചിട്ടില്ല.
അതിനിടെ പെഗാസസ് സോഫ്റ്റ്വെയർ നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിന് നൽകിവരുന്ന സേവനങ്ങൾ അവസാനിപ്പിച്ചതായി ക്ലൗഡ് സേവനദാതാക്കളായ ആമസോൺ അറിയിച്ചു.
ആശങ്ക അറിയിച്ച് ചൈന
പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള ഫോണ് ചോര്ത്തല് ഞെട്ടിക്കുന്നതെന്ന് ചൈന. ആഗോളതലത്തില് രാഷ്ട്രീയ, നയതന്ത്ര, സൈനിക ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്ത്തകരുടെയും ഫോണ് വിവരങ്ങള് ചോര്ത്തിയെന്ന റിപ്പോര്ട്ടിനോട് പ്രതികരിക്കവെയാണ് ചൈനീസ് വിദേശകാര്യ വക്താവ് ഷൗ ലീജിയന് ഇക്കാര്യം വ്യക്തമാക്കിയത്.
റിപ്പോര്ട്ട് ശരിയെങ്കില് ലോകരാജ്യങ്ങള് വലിയ രീതിയിലുള്ള സൈബര് സുരക്ഷാ ഭീഷണി നേരിടുകയാണ്. ചൈന സൈബര് നിരീക്ഷണം നടത്തുകയാണെന്ന് നിരന്തരം ആരോപിക്കുന്ന അമേരിക്ക ഇപ്പോള് നിശബ്ദമായിരിക്കുകയാണെന്നും രാജ്യങ്ങള് സംയുക്തമായി ഈ വെല്ലുവിളിക്കെതിരെ അന്വേഷണം നടത്തണമെന്നും ചൈന പ്രതികരിച്ചു.
ഫ്രാന്സും ഇസ്രയേലും വിഷയത്തില് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാഖും, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ്, മൊറോക്കോ രാജാവ് മൊഹമ്മദ് VI , പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ, ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മത്ബൗലി, മൊറോക്കോ പ്രധാനമന്ത്രി സാദ് എദ്ദീൻ എൽ ഒത്മാനി തുടങ്ങിയ ലോകനേതാക്കളുടെതുള്പ്പെടെ 50,000ത്തിലധികം ഫോണ്വിവരങ്ങളാണ് പെഗാസസ് ചോര്ത്തിയതെന്നാണ് റിപ്പോര്ട്ട്. ഇതില് ആയിരത്തിലധികം നമ്പറുകള് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല് പേരുടെ വിവരങ്ങള് വരുംദിവസങ്ങളില് പുറത്തുവരുമെന്നാണ് കരുതുന്നത്.