ന്യൂഡൽഹി
തിബത്തൻ ആത്മീയ നേതാവ് ദലൈലാമയുടെ അടുത്ത അനുയായികളും പെഗാസസ് ചോർത്തൽ പട്ടികയിൽ. 2017 അവസാനം മുതൽ 2019 തുടക്കം വരെയാണ് ദലൈ ലാമയുടെ അടുപ്പക്കാർ നിരീക്ഷണത്തിലായത്. തിബത്തിൽനിന്നുള്ള പ്രധാന ആത്മീയ നേതാക്കളുടെ അടുപ്പക്കാരുടെ ഫോണുകളും പെഗാസസ് നിരീക്ഷിച്ചു. ചൈനയുമായി സൗഹൃദം സ്ഥാപിക്കാൻ മോഡി ശ്രമിച്ച ഘട്ടത്തിലാണ് ഇവർ നിരീക്ഷിക്കപ്പെട്ടത്. 2018 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈന സന്ദർശിച്ച് പ്രസിഡന്റ് ഷി ജിൻപിങുമായി ചർച്ച നടത്തിയിരുന്നു.
ദലൈലാമയുടെ ഡൽഹിയിലെ ദീർഘനാളത്തെ പ്രതിനിധിയായ തെമ്പ സെറിങാണ്, മറ്റ് രണ്ട് സഹായികളായ ചിമ്മി റിഗ്സെൻ, തെൻസിങ് താക്ല എന്നിവർ നിരീക്ഷിക്കപ്പെട്ടു. ഡൽഹിയിലെ ദലൈ ലാമയുടെ ഓഫീസിൽ ഇന്ത്യയുടെയും കിഴക്കൻ ഏഷ്യയുടെയും ചുമതലയുള്ള ഡയറക്ടറാണ് സെറിങ്. അടുത്ത ദലൈലാമയെ തെരഞ്ഞെടുക്കുന്നതിന്റെ മേൽനോട്ടമുള്ള ട്രസ്റ്റിന്റെ തലവൻ സാംദോങ് റിൻപോച്ചെയുടെ ഫോണും ഹിമാചലിലെ ധർമശാലയിലുള്ള പ്രവാസി തിബത്തൻ സർക്കാരിന്റെ തലവനായിരുന്ന ലോബ്സാങ് സാൻഗേയുടെ ഫോണും ചോർത്തി.
മറ്റൊരു ആത്മീയ നേതാവായ 17–-ാമത് ഗ്യാൽവാങ് കർമാപ, ഉർഗ്യേൻ ത്രിൻലെ ദോർജിയുടെ അനുയായികളെയും പെഗാസസ് ലക്ഷ്യമിട്ടിരുന്നു. തിബത്തൻ ബുദ്ധരുടെ മൂന്നാമത്തെ ഉന്നത ആചാര്യനാണ് ഗ്യാൽവാങ് കർമാപ. 2000ൽ കൗമാരപ്രായത്തിൽ ഇന്ത്യയിലേക്ക് കടന്ന കർമാപയ്ക്ക് മോഡി സർക്കാരുമായി നല്ല ബന്ധമല്ല. 2017ന്റെ തുടക്കത്തിൽ ഇന്ത്യവിട്ട കർമാപ മടങ്ങിയെത്തിയിട്ടില്ല. 2018ൽ ഡൊമിനിക്കൻ പാസ്പോർട്ട് നേടി ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.