ന്യൂഡൽഹി
പണക്കാർക്ക് ഒരു നീതിയും സാധാരണക്കാർക്ക് മറ്റൊരു നീതിയും നൽകുന്ന വ്യത്യസ്ത നിയമസംവിധാനങ്ങൾ രാജ്യത്ത് ഉണ്ടാകരുതെന്ന് സുപ്രീംകോടതി. ഈ തെറ്റ് ശരിവയ്ക്കുന്ന തരം ഉത്തരവാണ് മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്നുണ്ടായതെന്നും സുപ്രീംകോടതി വിമർശിച്ചു. മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ദേവേന്ദ്രചൗരസ്യ കൊല്ലപ്പെട്ട കേസിൽ ബിഎസ്പി എംഎൽഎ റാംഭായ് സിങ്ങിന്റെ ഭർത്താവ് ഗോവിന്ദ് സിങ്ങിന് ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാനസർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നുണ്ടായത്. ഇത്തരം നിയമസംവിധാനങ്ങൾ നിയമനിർവഹണത്തിന്റെ സാധുതതന്നെ ഇല്ലാതാക്കും–- സുപ്രീംകോടതി നിരീക്ഷിച്ചു.
കേസുമായി ബന്ധപ്പെട്ട് ദമോഹ എസ്പിയും സഹപ്രവർത്തകരും സ്വാധീനിക്കാൻ ശ്രമിച്ചെന്ന അഡീഷണൽ സെഷൻസ് ജഡ്ജിയുടെ ആരോപണത്തിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണം.
ദേവേന്ദ്രചൗരസ്യയുടെ മകൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ. 2019 മാർച്ചിലാണ് ദേവേന്ദ്ര കൊല്ലപ്പെട്ടത്. ഡിജിപിക്ക് സുപ്രീംകോടതി അന്ത്യശാസനം നൽകിയതിന് പിന്നാലെ 2021 മാർച്ചിലാണ് ഗോവിന്ദ്സിങ് അറസ്റ്റിലായത്. ഇയാൾക്ക് എതിരെ 28 ക്രിമിനൽ കേസുണ്ട്. മൂന്ന് കൊലപാതകങ്ങളിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ഗോവിന്ദ് സിങ് മൂന്നിലും ഹൈക്കോടതി ജാമ്യത്തിൽ പുറത്തിറങ്ങി.