ന്യൂഡൽഹി > ഇലക്ട്രൽബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്ത് ഫയൽ ചെയ്ത റിട്ട്ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സുപ്രീംകോടതിയിൽ അപേക്ഷ നൽകി.
ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാനസത്തയെ ബാധിക്കുന്ന വിഷയമാണ് ഹർജിയിൽ ഉന്നയിച്ചത്.
2021 ജൂലൈ മുതൽ സുപ്രീംകോടതിക്ക് ധാരാളം പ്രവൃത്തിദിനങ്ങൾ ഉള്ളതിനാൽ ജൂലൈയിലോ ആഗസ്തിലോ കേസ് പരിഗണിക്കണം. രാഷ്ട്രീയപാർടികൾക്ക് ആരൊക്കെയാണ് സംഭാവന നൽകുന്നതെന്നത് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. ആ അവകാശം സ്ഥാപിച്ച് കിട്ടാനുള്ള ഹർജിക്ക് ഏറെ പ്രസക്തിയുണ്ടെന്നും അഡ്വ. ഷാദാൻ ഫറാസത്ത് മുഖേന സമർപ്പിച്ച അപേക്ഷയിൽ സിപിഐ എം ചൂണ്ടിക്കാണിച്ചു.
സർക്കാരേതരസംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസാണ് കേസിലെ മറ്റൊരുകക്ഷി. കഴിഞ്ഞവർഷം മാർച്ചിൽ ഇലക്ട്രൽബോണ്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു.
2017ലാണ് സിപിഐ എം ഹർജി നൽകിയത്. രാഷ്ട്രീയപാർടികൾക്ക് അജ്ഞാതമായ സംഭാവനകൾ സ്വീകരിക്കാനുള്ള സാധ്യതകൾ തുറന്നുകൊടുത്ത ഇലക്ട്രൽബോണ്ട് ജനാധിപത്യത്തെ പ്രതികൂലമായി ബാധിക്കും. ജനതാൽപ്പര്യങ്ങൾക്ക് പകരം കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് മുൻഗണന ലഭിക്കുന്ന സാഹചര്യമുണ്ടാകും –-ഹർജി ചൂണ്ടിക്കാണിച്ചു.