ടോക്യോ
ചാമ്പ്യൻമാരായ ബ്രസീലിന് ഒളിമ്പിക്സ് ഫുട്ബോളിൽ ഉജ്വല അരങ്ങേറ്റം. കരുത്തരായ ജർമനിയെ 4–-2ന് തകർത്തു. റിച്ചാർലിസണിന്റെ ഹാട്രിക്കാണ് ബ്രസീലിന്റെ ജയത്തിന് അടിത്തറയിട്ടത്. 30 മിനിറ്റിനുള്ളിൽ ഈ ഇരുപത്തിനാലുകാരൻ ഹാട്രിക് തികച്ചു. രണ്ടാംപകുതിയിൽ നദീം അമിരിയും റാഗ്നർ അഷെയും ജർമനിക്ക് പ്രതീക്ഷ നൽകി. പക്ഷേ ബ്രസീൽ വിട്ടുകൊടുത്തില്ല. പരിക്കുസമയം പൗളീന്യോ സ്കോർ നാലാക്കി.
മറ്റ് കളികളിൽ വമ്പൻമാർക്ക് കാലിടറി. അർജന്റീനയെ ഓസ്ട്രേലിയ വീഴ്ത്തി (2–-0). മെക്സിക്കോ ഫ്രാൻസിനെ തകർത്തത് 4–-1ന്. സൂപ്പർതാരനിരയുമായി എത്തിയ സ്പെയ്ൻ ഈജിപ്തിനോട് ഗോളില്ലാസമനില വഴങ്ങി. റിയോ ഫൈനലിന്റെ ആവർത്തനമായിരുന്നു ബ്രസീൽ–-ജർമനി പോരാട്ടം. അന്ന് ഷൂട്ടൗട്ടിൽ 5–-4ന് ജയംപിടിച്ച് ബ്രസീൽ പൊന്നണിഞ്ഞു. ഇത്തവണ ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടവർ ആദ്യ കളിയിൽത്തന്നെ മുഖാമുഖവും വന്നു. തുടക്കത്തിലേ ബ്രസീൽ കളിപിടിച്ചു. റിച്ചാർലിസൺ ഉശിരുകാട്ടി. ഈ എവർട്ടൺ താരത്തിന്റെ വേഗത്തെയും ഫിനിഷിങ് പാടവത്തെയും മറികടക്കാൻ ജർമൻ പ്രതിരോധത്തിന് കഴിഞ്ഞില്ല. ഇടവേളയ്ക്കുമുമ്പ് മതേയൂസ് ക്യൂന പെനൽറ്റി പാഴാക്കിയിരുന്നില്ലെങ്കിൽ ബ്രസീൽ അഞ്ച് ഗോളിന് ജയിച്ചേനേ. ലക്ഷ്യത്തിലേക്ക് പതിമൂന്നുവട്ടമാണ് മഞ്ഞപ്പട പന്തയച്ചത്.
രണ്ടാംപകുതി ജർമനി മെച്ചപ്പെട്ടു. എന്നാൽ ഒപ്പമെത്താൻ അത് മതിയായിരുന്നില്ല. ക്യാപ്റ്റൻ മാക്സിമില്യൻ ആർണോൾഡ് ചുവപ്പുകാർഡ് കണ്ട് മടങ്ങിയതും തിരിച്ചടിയായി. 25ന് ഐവറി കോസ്റ്റുമായാണ് ബ്രസീലിന്റെ അടുത്ത കളി. അതേദിനം ജർമനി സൗദി അറേബ്യയെയും നേരിടും. ഓസ്ട്രേലിയക്കെതിരെ രണ്ടാംപകുതിതൊട്ട് പത്തുപേരുമായാണ് അർജന്റീന കളിച്ചത്.