ന്യൂഡൽഹി
ഇസ്രയേൽ ചാര സോഫ്റ്റ്വെയർ പെഗാസസ് ഏതെങ്കിലും ഇന്ത്യൻ ഏജൻസിയോ സർക്കാരോ വാങ്ങിയോ എന്ന ചോദ്യത്തിന് മറുപടിയില്ലാതെ മോഡി സർക്കാർ. പാർലമെന്റിൽ രണ്ടുദിവസമായി പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും സർക്കാർ മൗനം തുടരുകയാണ്. ഇന്ത്യയിൽ നിയമവിരുദ്ധ നിരീക്ഷണം സാധ്യമല്ലെന്ന ഒഴുക്കൻ മറുപടിയാണ് കേന്ദ്രത്തിന്റേത്. പെഗാസസ് ചോർത്തൽ പുറത്തുകൊണ്ടുവന്ന ‘ദ വയർ’ അടക്കം 17 മാധ്യമസ്ഥാപനം ഉൾപ്പെടുന്ന അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് നൽകിയ മറുപടിയിലും ഇത്രമാത്രമാണ് സർക്കാർ വിശദീകരണം.
ഇന്ത്യ പെഗാസസ് വാങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അറിയില്ലെന്നുള്ള വിവരാവകാശ കമീഷണറുടെ മറുപടിയും മാധ്യമക്കൂട്ടായ്മയ്ക്കുള്ള മറുപടിയിൽ ചേർത്തിട്ടുണ്ട്. ചോർത്തലിന് സർക്കാരുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും അന്വേഷണത്തിന് തയ്യാറാവുന്നില്ല.
സർക്കാരുകൾക്ക് മാത്രമാണ് പെഗാസസ് കൈമാറിയതെന്ന് ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2017 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഇസ്രയേൽ സന്ദർശനത്തിന് പിന്നാലെയാണ് ഇന്ത്യയിൽ പെഗാസസ് ചോർത്തൽ ആരംഭിച്ചതെന്നതും ശ്രദ്ധേയം. മനുഷ്യാവകാശധ്വംസനത്തിന് പേരുകേട്ട അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി അടുത്ത സൗഹൃദം മോഡി പുലർത്തിയിരുന്നു. പലസ്തീൻ വിഷയത്തിൽ ഇന്ത്യൻ നിലപാടുകളിൽ വലിയ രീതിയിൽ വെള്ളം ചേർക്കപ്പെട്ടതും ഈ സന്ദർശനത്തിന് ശേഷമാണ്.