ബംഗളൂരു
നില പരുങ്ങലിലായ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് പിന്തുണയുമായി ലിംഗായത്ത് സമുദായ പുരോഹിതരും കോൺഗ്രസ് നേതാക്കളും രംഗത്ത്. വീരശൈവ ലിംഗായത്തുകാരനായ യെദ്യൂരപ്പയെ മാറ്റുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി.
സമുദായം യെദ്യുരപ്പയ്ക്കൊപ്പമാണെന്ന് അഖിലേന്ത്യാ വീരശൈവ മഹാസഭാ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷാമാനൂർ ശിവശങ്കരപ്പ പറഞ്ഞു. യെദ്യൂരപ്പയെ മാറ്റുന്നത് ബിജെപിയുടെ അന്ത്യമാകുമെന്ന് ശിവശങ്കരപ്പ കൂട്ടിച്ചേർത്തു. യെദ്യൂരപ്പയോട് ബിജെപി മോശമായി പെരുമാറരുതെന്ന് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം ബി പാട്ടീൽ ആവശ്യപ്പെട്ടു. ജഗദ്ഗുരു മുരുകരാജേന്ദ്ര മഠാധിപതി ശിവമൂർത്തി മുരുക ശരണാരു, രംപുരി പീഠത്തിലെ വീരസോമേശ്വര ശിവാചാര്യ സ്വാമി തുടങ്ങിയവരും യെദ്യൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
പാളയത്തിൽപ്പട രൂക്ഷമാവുകയും കേന്ദ്രനേതൃത്വം ഇടപെടുകയും ചെയ്തതോടെ യെദ്യൂരപ്പ പുറത്തേക്കാണെന്ന പ്രതീതി ശക്തമായി. ഇതിനിടെയാണ്, യെദ്യുരപ്പ ബിജെപിയെ പിന്തുണയ്ക്കുന്ന പ്രധാന സമുദായവും സംസ്ഥാനത്ത് ജനസംഖ്യയിൽ 16 ശതമാനവുമുള്ള ലിംഗായത്തുകളെ ഇറക്കി പയറ്റുന്നത്.















