ന്യൂഡൽഹി
കർണാടകത്തിലെ ജെഡിഎസ്–- കോൺഗ്രസ് സഖ്യസർക്കാരിനെ അട്ടിമറിക്കാൻ പെഗാസസ് ഉപയോഗിച്ചെന്ന വെളിപ്പെടുത്തലിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണംവേണമെന്ന് കോൺഗ്രസ്. ചാരപ്പണിയിലൂടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനാധിപത്യസ്ഥാപനങ്ങളെ അട്ടിമറിക്കുകയാണ്. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അവർ രാജിവയ്ക്കണമെന്ന് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സിദ്ദരാമയ്യ, ഡി കെ ശിവകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഫോണുകൾ ചോർത്തുന്നതായി പരാതിപ്പെട്ടിരുന്നു. യെദ്യൂരപ്പ സർക്കാർ ഇതിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അത് തുടരുകയാണ്. മധ്യപ്രദേശ്, അരുണാചൽ പ്രദേശ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിലും കോൺഗ്രസ് സർക്കാരുകളെ അട്ടിമറിക്കാൻ ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചതായി സംശയമുണ്ടെന്നും നേതാക്കൾ പറഞ്ഞു.
ചോർത്തൽ വാർത്തകളെ ഗൗരവമായി കാണുന്നില്ലെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെല്ലാം പ്രധാന ഫോണുകൾ ചോർത്തുമെന്നത് എല്ലാവർക്കും അറിയാമെന്നും കുമാരസ്വാമി പറഞ്ഞു.